ഓണവിപണികൾ സജീവമായി; പച്ചക്കറിവില കുതിച്ചുയരുന്നു
1452093
Tuesday, September 10, 2024 2:55 AM IST
പത്തനംതിട്ട: സർക്കാർ ഏജൻസികളുടെ ഇടപെടൽ ഉണ്ടായതോടെ പൊതുവിപണിയിലെ വിലക്കയറ്റത്തിനു നേരിയ ശമനം. ഓണത്തോടനുബന്ധിച്ച് പലവ്യഞ്ജന സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിലേക്ക് സപ്ലൈകോയും കൺസ്യൂമർഫെഡും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണ വകുപ്പുകളുടെയും നിയന്ത്രണത്തിലാണ് ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്. 14 വരെ നീളുന്നതാണ് ഓണ വിപണനമേളകൾ.
സബ്സിഡി നിരക്കിൽ അവശ്യ സാധനങ്ങൾ സപ്ലൈകോ, കൺസ്യൂമർഫെഡ് വിപണികളിൽ ലഭ്യമാണ്. ഇതേ വിലയിൽ സഹകരണവകുപ്പിന്റെ ഓണച്ചന്തകളിലും സാധനങ്ങൾ ലഭ്യമാക്കാനാണ് ശ്രമം. എന്നാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സബ്സിഡി സാധനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യതക്കുറവും പലയിടത്തുമുണ്ട്.
പച്ചക്കറി വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ല. ഹോർട്ടികോർപ് പച്ചക്കറി സ്റ്റാളുകൾ പത്തനംതിട്ട ജില്ലയിൽ എല്ലായിടത്തുമില്ല. പച്ചക്കറികൾക്കാകട്ടെ പൊതുവിപണിയിൽ തോന്നുംപടിയാണ് വില. ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ കർഷകരുടെ വിപണികൾ പലയിടത്തുമുണ്ടെങ്കിലും ഇവയിൽനിന്നുള്ള ഉത്പന്നങ്ങൾ ഓണക്കാല ആവശ്യങ്ങൾക്കു മതിയാകുന്നില്ല.
ഏത്തക്കുല, ഇഞ്ചി എന്നിവയുടെ വിലയിൽ വൻവർധനയാണ് പച്ചക്കറി കടകളിലുള്ളത്. നാടൻ ഏത്തക്കുലയ്ക്ക് പൊതുവിപണിയിൽ 70 രൂപ വരെ വിലയുണ്ടെങ്കിലും പുറമേ നിന്നുള്ള ഏത്തക്കുല കുറഞ്ഞ വിലയിൽ വാങ്ങി വില്പന നടത്തുന്നതും കൂടിയ വിലയിലാണ്. നാടൻ ഏത്തക്കുലയുടെ ലഭ്യതക്കുറവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റുമുള്ള ഏത്തക്കുലകൾ കൂടിയ വിലയ്ക്ക് വിൽക്കുന്നതായാണ് പരാതി.
കുടുംബശ്രീ ഓണ വിപണനമേള ഇന്നു മുതൽ
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ഇന്നു മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കുടുംബശ്രീയുടെ സംസ്ഥാനതല ഓണ വിപണന മേള നടത്തും.
ഇന്നു രാവിലെ മന്ത്രി എം.ബി. രാജേഷ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. എംപി, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷ്യമേളകളും കലാപരിപാടികളും സെമിനാറുകളും മത്സരങ്ങളും മേളയുടെ ഭാഗമായുണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. ഒരു അയല്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് ഉപജീവനമാര്‍ഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും ഉദ്ഘാടനത്തിന്റെ ഭാഗമാകും.