വിജ്ഞാന പത്തനംതിട്ട: മിഷന് 90 പ്രഖ്യാപനം നടത്തി
1451880
Monday, September 9, 2024 6:16 AM IST
പത്തനംതിട്ട: വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയിലൂടെ ജോലി ലഭിച്ചവര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. അടുത്ത മൂന്നുമാസത്തേക്കുള്ള മിഷന് 90 പ്രഖ്യാപനവും നടത്തി. 858 പേര്‍ക്കാണ് ഇതേവരെ പദ്ധതിയിലൂടെ പത്തനംതിട്ടയില്‍ തൊഴില്‍ നല്‍കിയത്. 647 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള പ്രാഥമിക ഷോര്‍ട്ട് ലിസ്റ്റും ആയിട്ടുണ്ട്.
നിയമനം ലഭിച്ചവര്‍ക്കുള്ള ഉത്തരവ് കൈമാറ്റം നടന്നു. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. എ. പത്മകുമാര്‍ എക്സ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ.പി. ഉദയഭാനു, ആര്. സനല്‍കുമാര്‍, നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ഡോ. റാണി ആര്. നായര്‍, വിവേക് ജേക്കബ് ഏബ്രഹാം, ഏബ്രഹാം വലിയകാലാ, ജോര്‍ജ് വര്‍ഗീസ്, എം.വി. സഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത മൂന്നു മാസത്തിനുള്ള 5000 പേർക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെയാണ് മിഷന് 90 പ്രഖ്യാപനം നടത്തിയതെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. ഓരോ പഞ്ചായത്തിലും കുറഞ്ഞത് 20 പേരെങ്കിലും പുതുതായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ദാന പദ്ധതിയുടെ ഭാഗമാകും.