പൊന്മുടി ജിയുപി സ്കൂൾ വാർഷികവും യാത്രയയപ്പും
1539237
Thursday, April 3, 2025 6:15 AM IST
പൊന്മുടി: പൊന്മുടി ജിയുപിഎസിന്റെ 74-ാം വാർഷികാഘോഷവും യാത്രയയപ്പും "ഹിമം 2025" കുളച്ചിക്കരയിൽ എഴുത്തുകാരിയും സാംസ്കാരിക വകുപ്പ് ഡയറക്ടറും വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടറുമായ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
ആധുനിക ലോകത്തെ ശാസ്ത്രസാങ്കേതിക വളർച്ചയെയും വിദ്യാഭ്യാസം അവയ്ക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.
ഈ വർഷം സർവീസിൽനിന്നും വിരമിക്കുന്ന പ്രഥമാധ്യാപിക കുമാരി ലതയെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡന്റ് ഗോപകുമാറിനും മുൻ പ്രധാനാധ്യാപിക ഓമന ടീച്ചർക്കും ഉപഹാരങ്ങൾ നൽകി. അക്കാദമിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പൊന്മുടി കെഎസ്ആർടിസി യാത്രക്കാരുടെ കൂട്ടായ്മയും ഉപഹാരങ്ങൾ സമർപ്പിച്ചു.
പിടിഎ പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷനായ ചടങ്ങിൽ സേവി മനോ മാത്യു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഹോം ലൈബ്രറിയിലേയ്ക്കുള്ള പുസ്തകവിതരണം പഞ്ചായത്ത് അംഗം രാധാമണി നിർവഹിച്ചു. പാലോട് എഇഒ ഷീജ, മനോജ്, പൊന്മുടി എസ്ഐ ഗിരീശൻ ് എന്നിർ പങ്കെടുത്തു.