വന്യജീവി നിയമങ്ങൾ പരിഷ്കരിക്കണം: കെ.വി.വസന്തകുമാർ
1539230
Thursday, April 3, 2025 6:12 AM IST
കൊല്ലം: വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും വിധം വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ. വി. വസന്തകുമാർ.
കിസാൻ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണം മൂലം കേരളത്തിന്റെ മലയോര മേഖലയിൽ ജീവിക്കാനോ കൃഷി ചെയ്യാനോ ആകാത്ത വിധം കർഷകർ പ്രതിസന്ധിയിലാണ്.
വന്യജീവി ആക്രമണത്തിന് ശാശ്വതമായി പരിഹാരം കാണുക,വന്യജീവി നിയമം ഭേദഗതി ചെയ്യുക, കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അഖിലേന്ത്യ കിസാൻ സഭ സമര പരിപാടി സംഘടിപ്പിച്ചത്.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണയിൽ ജില്ലാ പ്രസിഡന്റ് കെ. ആർ. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലെനു ജമാൽ,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി, ആർ, രാജീവൻ, കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. അജയഘോഷ്,
ആർ.ചന്ദ്രിക ടീച്ചർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ. നളിനാക്ഷൻ, ബി. സുധാകരൻ നായർ,പി. ഉണ്ണികൃഷ്ണൻ, കണ്ണങ്കോട് സുധാകരൻ,ബി. ശ്രീകുമാർ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.