താംബരം-കൊച്ചുവേളി സ്പെഷൽട്രെയിൻ സർവീസ് നിർത്തുന്നു
1539228
Thursday, April 3, 2025 6:12 AM IST
കൊല്ലം: ചെങ്കോട്ട - കൊല്ലം റൂട്ടിൽ കഴിഞ്ഞ 10 മാസമായി സർവീസ് നടത്തുന്ന ചെന്നൈ താംബരം - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എസി എക്സ്പ്രസ് സർവീസ് അവസാനിപ്പിച്ചേക്കും.
സർവീസ് വീണ്ടും നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നാളെയോടെ ട്രെയിനും പഴങ്കഥയാകും. 2024 ഏപ്രിൽ മുതൽ എല്ലാ വെള്ളിയാഴ്ചയും സ്പെഷൽ പ്രതിവാര സർവീസായാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇത് സ്ഥിരമാക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് സർവീസ് അവസാനിപ്പിക്കുന്നത്.
കൊല്ലം - ചെങ്കോട്ട പാത മീറ്റർഗേജിൽ നിന്ന് ബ്രോഡ്ഗേജായി മാറിയതോടെ സർവീസ് നടത്തിയിരുന്ന പല ട്രെയിനുകളും പിന്നീട് ഓടാതായി. ഇതിനെതിരെ കൊല്ലം, മാവേലിക്കര എംപിമാർക്ക് അടക്കം യാത്രക്കാരുടെ സംഘടനകൾ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. മീറ്റർഗേജ് കാലത്ത് ചെങ്കോട്ട-പുനലൂർ-കൊല്ലം പാതയിലൂടെ രണ്ട് ചെന്നൈ സർവീസ് ഉണ്ടായിരുന്നു.
2018ൽ പത ബ്രോഡ്ഗേജാക്കി കമ്മീഷൻ ചെയ്തതോടെ ചെന്നൈയിലേക്ക് ക്വയിലോൺ മെയിൽ മാത്രമായി ചുരുങ്ങി. രണ്ടാമത്തെ ട്രെയിൻ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെയാണ് താംബരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് എസി പ്രതിവാര എക്സ്പ്രസ് സർവീസ് ആരംഭിച്ചത്.
ഇത് സ്ഥിരമാക്കാനോ താത്ലികമായി നീട്ടാനോ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാരാണ് കൂടുതൽ ട്രെയിനിനെ ആശ്രയിക്കുന്നത്. കൊച്ചുവേളി, കൊല്ലം, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ധാരാളം യാത്രക്കാർ ഈ ട്രെയിനിൽ കയറുന്നു. മിക്കപ്പോഴും കോച്ചുകൾ എല്ലാം പൂർണമായും റിസർവ്ഡ് ആണ്.
മധുര, തിരുച്ചിറപ്പള്ളി വൃദ്ധാചലം, ശ്രീരംഗം, വില്ലുപുരം, താംബരം ഉൾപ്പെടെ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് യാത്രചെയ്യാൻ ഏറ്റവും ഗുണകരമായി ഉപയോഗിക്കാവുന്ന സർവീസാണിത്. ട്രെയിൻ സർവീസ് ദീർഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടനാ ഭാരവാഹികൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് അടിയന്തരമായി നിവേദനം കൈമാറിയിട്ടുണ്ട്.