കുളത്തുപ്പുഴ ധർമ ശാസ്താക്ഷേത്ര വികസനത്തിന് 1.75 കോടിയുടെ പദ്ധതി
1539224
Thursday, April 3, 2025 6:03 AM IST
കുളത്തൂപ്പുഴ: ധർമ ശാസ്താക്ഷേത്ര വികസനത്തിന് ദേവസ്വം ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി 1.7 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ സമീപത്തായി നിർമാണം പൂർത്തിയാക്കിയ സദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനിൽകുമാറും ക്ഷേത്ര വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
സദ്യാലയത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 10 ലക്ഷവും ഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യങ്ങൾ ഒരുക്കുവാൻ 25 ലക്ഷം രൂപയും അനുവദിക്കുമെന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് വിവാഹമണ്ഡപത്തിന്റെ നിർമാണം ഉടനെ പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ഹാബിറ്റാറ്റ് ഗ്രൂപ്പിൻറെ സഹകരണത്തോടെ 75 ലക്ഷം രൂപ മുടക്കി ക്ഷേത്ര പരിസരത്ത് വിശ്രമ കേന്ദ്രവും ഹോട്ടൽ സമുച്ചയവും നിർമിക്കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ഒരുക്കിയിരിക്കുന്നത്. ‘ഒഴുകാം ശുചിത്വമായി' പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ മുടക്കി സ്നാനഘട്ടം നിർമ്മിക്കുവാൻ പദ്ധതിയുണ്ട്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്് വിജീഷ് വിജയൻ അധ്യക്ഷ വഹിച്ചു.