ആമിന കൊലപാതകക്കേസ്; ഭർത്താവിനെ വെറുതെ വിട്ടു
1539232
Thursday, April 3, 2025 6:12 AM IST
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ വെറുതെവിട്ടു. കൊല്ലം ജോനകപ്പുറം ബുഷറ മൻസിലിൽ മുഹമ്മദ് ആഷിഖിനന്റെ മകൾ ആമിന(22)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ പ്രതി അബ്ദുൽ ബാരിയെയാണ് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് എം.സി ആന്റണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.
2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആമിനയുടെ മാനസിക രോഗം മറച്ചുവച്ച് വിവാഹം നടത്തിയ വിരോധം മൂലവും, ചികിത്സിച്ചിട്ടും മാനസിക രോഗം ഭേദമാകാത്തതിലുള്ള നിരാശ മൂലവും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിത്തോട്ടം പോലിസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും കോടതിയിൽ ഹാജരാക്കി.
മരണപ്പെട്ട ആമിനയ്ക്ക് ജെന്നിയും ശ്വാസംമുട്ടലും ഉണ്ടായിരുന്നതിനാൽ മരണം മറ്റ് സാഹചര്യങ്ങൾ മൂലമുണ്ടാകാം എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എ. ആസിഫ് റഷിൻ, ആർഷാ ലക്ഷ്മി എന്നിവർ ഹാജരായി.