കരുനാഗപ്പള്ളി കൊലപാതകം മുഖ്യപ്രതി അറസ്റ്റിൽ
1539231
Thursday, April 3, 2025 6:12 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനെ പിടികൂടി. ഒളിവിൽ കഴിഞ്ഞ ഇയാളെ ഇന്നലെ പുലർച്ചെ 3.45ഓടെ കല്ലമ്പലത്തെ വീട്ടിൽ നിന്നാണ് കരുനാഗപ്പള്ളി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിൽ എത്തിച്ച പങ്കജിനെ വിശദമായി ചോദ്യം ചെയ്തു. മുൻവൈരാഗ്യത്തെത്തുടർന്ന് പങ്കജ് നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അലുവ അതുൽ, സാമുവൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
രണ്ട് ദിവസം മുമ്പ് ആലുവയിൽ വാഹനപരിശോധനയ്ക്കിടയിൽ അലുവ അതുൽ പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.അതേസമയം, കൊലക്കേസിൽ പ്രതികൾ ഒളിച്ചിരുന്ന വീട്ടിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി. പിടിയിലായ പങ്കജ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ഓച്ചിറ ഞക്കനാൽ ഒളിസങ്കേതത്തിൽ നിന്നാണ് നാടൻ ബോംബ് കണ്ടെത്തിയത്.
കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഇവിടെയാണ് ഒളിവിൽ താമസിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും സ്ഫോടകവസ്തു കണ്ടെത്തിയിരുന്നു. കഴിഞ്ഞ 27ന് പുലർച്ചെയാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പങ്കജിനെ കുത്തിയ കേസിൽ സന്തോഷ് റിമാൻഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.