ആഴക്കടൽ മണലിൽ 60 ശതമാനം റയർ എർത്ത് മൂലകങ്ങൾ: മന്ത്രി ജിതേന്ദ്ര സിംഗ്
1539234
Thursday, April 3, 2025 6:12 AM IST
കൊല്ലം: തീരദേശ ആഴക്കടലിലെ മണലിൽ 60 ശതമാനം വരെ റയർ എർത്ത് മൂലകങ്ങൾ ഉണ്ടെന്നു ലോക സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി യുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്.
തീരത്തെ ആഴക്കടൽ മണലിൽ 55 മുതൽ 60 ശതമാനം വരെ റയർ എർത്ത് മൂലകങ്ങളും ഒൻപത് മുതൽ 18 ശതമാനം വരെ തോറിയം ഓക്സൈഡും അടങ്ങിയ ഫോസ്ഫേറ്റ് മൂലകമായ ഇ-സിറ്റ് മോണസൈറ്റ് 0.04 മില്യൺ ടൺ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്. റയർ എർത്ത് മിനറലുകളെ സംബന്ധിച്ചും റേഡിയോ ആക്ടീവ് മൂലകങ്ങളെ സംബന്ധിച്ചും അറ്റോമിക് എനർജി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് മന്ത്രി മറുപടി നൽകി.
2022 ലെ ഓഫ്ഷോർ ഏരിയ മിനറൽ ഡവലപ്പ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് പ്രകാരം പര്യവേഷണത്തിനും ഖനനത്തിനും ഉൾപ്പെടെയുളള കോമ്പസിറ്റ് ലൈസൻസ് നൽകുന്നതിന് 13 ബ്ലോക്കുകളിലായി ആദ്യഘട്ട ലേലത്തിനായി കേന്ദ്ര സർക്കാർ 2024 നവംബർ 28 നു ലേല നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
കൊല്ലം തീരത്തെ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കടലിലെ ഭാഗം ഒഴികെയുളള മൂന്ന് ബ്ലോക്കുകളും ഇതിൽ ഉൾപ്പെടെയാണ് ലേല നടപടികൾ ആരംഭിച്ചത്. ഖനന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അനുബന്ധ വകുപ്പുകളുമായി കൂടിയാലോചിക്കണമെന്നാണ് ചട്ടം.
അറ്റോമിക് എനർജി, പരിസ്ഥിതി വനവും കാലാവസ്ഥാ വ്യതിയാനവും, ഫിഷറീസ് വകുപ്പ് എന്നിവയുമായി കൂടിയാലോചിക്കണമെന്നും നിർബന്ധമാണ്. നിലവിലെ വിഷയത്തിൽ ഖനനമന്ത്രാലയം, അറ്റോമിക് എനർജി വകുപ്പുമായും മറ്റ് അനുബന്ധ വകുപ്പുകളുമായും കൂടിയാലോചിക്കുകയും ബ്ലോക്കുകൾ ടെണ്ടറിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വകുപ്പുകളുടെ നിരാക്ഷേപ പത്രം വാങ്ങിയിട്ടുളളതായും മന്ത്രി ലോക സഭയിൽ അറിയിച്ചു.