ജില്ലയിലെ കോൺഗ്രസിൽ അച്ചടക്ക നടപടി : എട്ട് മണ്ഡലം പ്രസിഡന്റുമാരെ നീക്കി
1539215
Thursday, April 3, 2025 6:03 AM IST
കൊല്ലം: എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ നീക്കം ചെയ്ത് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ ശുദ്ധീകരണ പ്രക്രിയ. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള സംഘടനാ പരിപാടികൾ നടത്തുന്നതിൽ വീഴ്ച വരുത്തിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെയാണ് കെപിസിസി നീക്കം ചെയ്തത്.
പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഘടനാ പ്രവർത്തനത്തിന് വീഴ്ച വരുത്തുന്ന മണ്ഡലം മുതൽ ഡിസിസി വരെയുള്ള മുഴുവൻ ഭാരവാഹികൾക്കും നടപടികൾ ഉണ്ടാകുമെനന്നും വിവരമുണ്ട്. 14 ജില്ലകളിലും കെപിസിസി ജില്ലാതല നേതൃയോഗങ്ങൾ നടന്നു വരികയാണ്. കൊല്ലത്ത് നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാതെ ഒളിച്ചു കളി നടത്തിയവർക്കെതിരെയാണ് ഇപ്പോൾ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.
ഇത് മറ്റ് ജില്ലകളിലുംനടപ്പിലാക്കിയേക്കും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാത്ത ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുുമാർ എന്നിവരോട് ജില്ലയുടെ ചുമതലുള്ള കെപി സി സി ജന. സെക്രട്ടറി പഴകുളം മധു വിശദീകരണം ചോദിച്ചിട്ടുമുണ്ട്.
വിട്ടുനിന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ ഡി സിസി പ്രസിഡന്റിന് വിശദീകരണം നൽകണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത്രയും നേതാക്കൾക്ക് എതിരെ ഒരുമിച്ച് സംഘടനാ നടപടി വരുന്നത് ഇത് ആദ്യമായാണ്. എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ വാർഡ് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ ജില്ലയിലെ സംഘടനാ പ്രവർത്തനത്തിൽ അടിമുടി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ പ്രവർത്തനം ജില്ലയുടെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറിയും ഡി സി സി പ്രസിഡന്റും നേരിട്ട് വിലയിരുത്തും. നിയോജക മണ്ഡലം കോർ കമ്മിറ്റിയും നേതൃയോഗവും 11 അസംബ്ലി മണ്ഡലങ്ങളിലും വിളിച്ച്കൂട്ടി തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ നടത്തും.യോഗം ഉദ്ഘാടനം ചെയ്ത കെപി സിസി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി എം. ലിജുവും വീഴ്ച വരുത്തിയ നേതാക്കളെ രൂക്ഷമായി് വിമർശിച്ചു.
വീഴ്ച വരുത്തുന്നവർക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കാൻ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് യോഗം അധികാരം നൽകി. അടുത്ത മാസം ജില്ലയിൽ രാഹുൽഗാന്ധി പങ്കെടുക്കുന്ന സമ്മേളനം വിജയിപ്പി ക്കുന്നതിന്റെയും മുന്നോടിയായി വാർഡ്-മണ്ഡലം - ബ്ലോക്ക് - അസംബ്ലിതല സ്വാഗതസംഘം കമ്മിറ്റികൾ രൂപീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.