മജിഷ്യൻ സാമ്രാജിന് ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ സ്നേഹാദരം
1539223
Thursday, April 3, 2025 6:03 AM IST
പാരിപ്പള്ളി: ജാലവിദ്യ എന്ന വിസ്മയ കലയിൽ 45 വർഷം പൂർത്തികരിച്ച മജിഷ്യൻ സാമ്രാജിന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സ്നേഹാദരം സമർപ്പിച്ചു. മജിഷ്യൻ ഷാജു കടയ്ക്കലും വിവിധ വിദ്യാലയങ്ങളിലെ നൂറിലേറെ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
അന്തരീക്ഷത്തിൽ നിന്നെടുത്ത ഭസ്മം അമ്മമാരുടെ നെറ്റിയിൽ അണിയിച്ചാണ് രണ്ടു മണിക്കൂർ നീണ്ടുനിന്ന "സാമ്രാജ് ഷോ"ആരംഭിച്ചത്. കുട്ടികളുടെ ആവശ്യപ്രകാരം മിഠായികളും, പഴം, ഓറഞ്ച് എന്നിവ ശൂന്യതയിൽ നിന്നും എടുത്തു നൽകി. മെന്റലിസത്തിലൂടെ വേളമാനൂർ സ്വദേശിയായ ഒരു സഹോദരിയുടെ മനസ് വായിച്ചത് വേറിട്ട അനുഭവമായി.
മാജിക് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സ്നേഹാശ്രമത്തിലെ ഒരു അമ്മയെ വേദിയിൽ കൊണ്ടുപോയി വർത്തമാന പത്രം കീറി ഒരു രൂപ നോട്ടാക്കി മാറ്റിച്ചു. സ്നേഹാശ്രമത്തിലെ അമ്മമാരുടെ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായ ചിരിയാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആത്മസംതൃപ്തി എന്നു മജിഷ്യൻ അഭിപ്രായപ്പെട്ടു.
പത്തനാപുരം ഗാന്ധിഭവൻ ചീഫ് എക്സ്ക്യൂട്ടീവ് ആഫീസർ ഡോ.വിൻസന്റ്് ഡാനിയൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ സ്നേഹാശ്രമത്തിൻ്റെ സ്നേഹോപഹാരം മജിഷ്യൻ സാമ്രാജിനു സമർപ്പിച്ചു.
വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ബി. സുനിൽകുമാർ, ആർ. ഡി.ലാൽ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.