വിദ്യാർഥിനികൾക്കും വനിതകൾക്കും പ്രതിരോധ പരിശീലനം നൽകി
1531931
Tuesday, March 11, 2025 6:53 AM IST
കൊല്ലം: സിറ്റി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകിയ പരിപാടിയിൽ ജില്ലാ പോലീസ് മേധാവി മാസ്റ്റർ ട്രെയിനിയായി. കൊല്ലം സിറ്റി ജില്ലാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിലാണ് പ്രതിരോധ പരിശീലനം നൽകിയത്. പരിശീലനത്തിൽ ഫാത്തിമാ മാതാ നഷണൽ കോളജിലെ വിദ്യാർഥിനികളും അധ്യാപകരും മറ്റ് ജീവനക്കാരും കൊല്ലം ഗവ.നഴ്സിംഗ് കോളജിലെ വിദ്യാർഥിനികളും മറ്റ് തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന വനിതകളും പങ്കെടുത്തു.
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള പോലീസിന്റെ സോഷ്യൽ പോലീസ് വിഭാഗം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജ്വാല 3.0 സൗജന്യ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി ജില്ലാ നോഡൽ ഓഫീസറും കൊല്ലം സിറ്റി അഡീഷണൽ എസ്പിയുമായ ജീജിയുടെ അധ്യക്ഷതയിൽ ഫാത്തിമ മാതാ നാഷണൽ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ നിർവഹിച്ചു.
സ്ത്രീകളും പെണ്‍കുട്ടികളും അവർക്ക് നേരെയുളള അതിക്രമങ്ങളിൽ ചടുലമായി പ്രതികരിക്കണമെന്നും, അതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും പോലീസ് മേധാവി പറഞ്ഞു. സ്ത്രീ സമൂഹം തയാറായാൽ സ്വയം പ്രതിരോധ മാർഗങ്ങളിലെ പരിശീലനം അവരെ പ്രാപ്തരാക്കുമെന്നും ആയതിനാൽ പരിശീലനം നേടണമെന്നും കിരണ്‍ നാരായണ്‍ പറഞ്ഞു.
ഫാത്തിമാ മാതാ നഷണൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എം.ആർ. ഷെല്ലി മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാർ, കോളജ് വിമണ്‍ സെൽ കോ ഓർഡിനേറ്റർ ആലീസ് ഡൊമനിക് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പോലീസ് മാസ്റ്റർ ട്രെയിനികളായ റജീന, ഹയറുന്നിസ, രാജശ്രീ, ബുഷ്റ എന്നിവർ പരീശീലനം നൽകിയ വേളയിൽ പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി ഏറ്റെടുക്കുകയായിരുന്നു. വിദ്യാർഥിനികളെ അഭിമുഖമായ് നിർത്തി സ്വയം പ്രതിരോധ പാഠം അവർക്ക് ജില്ലാ പോലീസ് മേധാവി തന്നെ പകർന്ന് നൽകി. പരിപാടി നാല് മണിക്കൂറോളം തുടർന്നു. ഇന്ന് ഉച്ചകഴിഞ്ഞ് പാരിപ്പളളി ഗവ. ഓഡിറ്റോറിയത്തിൽ സ്വയം പ്രതിരോധ പരിശീലനം ഉണ്ടായിരിക്കുമെന്നും താല്പര്യമുളള വനിതകൾക്ക് പരിശീലനത്തിൽ പങ്കെടുക്കാമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.