അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
1531291
Sunday, March 9, 2025 5:44 AM IST
കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സംസ്ഥാന്റെ നേതൃത്വത്തിൽ നീണ്ടകര മദർ ഹുഡ് ചാരിറ്റി മിഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ജനശിക്ഷൻ സംസ്ഥാൻ ഡയറക്ടർ എസ്. ഉഷാറാണി അധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ എസ്.എസ്. പ്രീതി വനിതാദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വനിതാ സംരംഭകരെ ആദരിച്ചു.
ജൻ ശിക്ഷൻ സംസ്ഥാൻ നടത്തിയ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നീണ്ടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി ഹെൻട്രി, നിർവഹിച്ചു.
മദർ ഹുഡ് ചാരിറ്റി മിഷൻ ഡയറക്ടർ ഡി. ശ്രീകുമാർ, അഭി അരവിന്ദ്, പഞ്ചായത്ത് അംഗം ഹെലൻ രാജൻ, ജനശിക്ഷൻ സംസ്ഥാൻ പ്രോഗ്രാം ഓഫീസർ പി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വനിതകളുടെ കലാപരിപാടികൾ നടന്നു.
ഐആർഇയിൽ
ചവറ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇ (ഇന്ത്യ) ലിമിറ്റഡിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
അമൃത ആയൂർവേദ സ്കൂളിലെ ഡോ. സിനു മിത്ര ക്ലാസ് നയിച്ചു. ഗിരിജാകുമാരി യോഗാ ക്ലാസ് നയിച്ചു. ഐആർഇഎൽ ജനറൽ മാനേജർ എൻ.എസ്. അജിത്, എച്ച്.ആർ. മേധാവി വിംഗ് കമാണ്ടർ ഡി. അനിൽകുമാർ, സീനിയർ മാനേജർ സുജാതാ മേനോൻ, മാനേജർ വിജയശ്രീ എന്നിവർ പ്രസംഗിച്ചു.
എം ആർഎസ് സ്കൂളിൽ
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ സ്കൂളിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സ്പെഷൽ അസംബ്ലിയിൽ സ്കൂളിലെ മെസ് ജീവനക്കാരായ ആശ അനിൽ, സന്ധ്യാ സജി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപിക സി. ഗിരിജ, അധ്യാപകരായ എച്ച്. ഹസൈൻ, എസ്.ആർ. വരുൺ, പി.ശ്രീജിത്ത്, വി.ബി. നിത്യ, എസ്. സൗമ്യ, സ്കൂൾ കൗൺസിലർ ബി. അരവിന്ദ്, വിദ്യാർഥി പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.
ശ്രീനികേതനിൽ
ചാത്തന്നൂർ: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം, ജില്ലാ സാമൂഹിക നീതി കാര്യാലയം, ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിമോചന ചികിത്സാകേന്ദ്രം എന്നിവ ചേർന്ന് വനിതാ ദിനാഘോഷവും സൗജന്യ ലഹരിചികിത്സാ ക്യാമ്പും നടത്തി. ചാത്തന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി ഉദ് ഘാടനം ചെയ്തു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി അജയൻ, ചാത്തന്നൂർ പഞ്ചായത്ത് മെമ്പർ ഷീബാ മധു, ബ്ലോക്ക് മുൻ മെമ്പർ ഗിരികുമാർ, കോ ഓർഡിനേറ്റർ സദന കുമാരി, സുരേഷ്, ശാന്തകുമാരി, കൗൺസലർമാരായ കൃഷ്ണകുമാരി, അജീഷ് എന്നിവർ പ്രസംഗിച്ചു.
എസ്ബിഐ ചാത്തന്നൂർ ബ്രാഞ്ച്
ചാത്തന്നൂർ: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് എസ്ബിഐ ചാത്തന്നൂർ ബ്രാഞ്ചും നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ചേർന്ന് സൗജന്യ ദന്തൽ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഡോ. വിനയ് കവിരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്ബിഐ ചാത്തന്നൂർ ബ്രാഞ്ച് ചീഫ് മാനേജർ ബിജു അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ ബ്രാഞ്ച് ചീഫ് മാനേജർ ബിജു, എസ്ബിഐ ജനറൽ ഇൻഷുറൻസ് ക്ലസ്റ്റർ സെയിൽസ് മാനേജർ സിജോ, ചിറക്കര പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ റീജ ബാലകൃഷ്ണൻ, ചാത്തന്നൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ലൈല, വാർഡ് മെമ്പർ ലീലാമ്മ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
ബൻസിഗർ ആശുപത്രിയിൽ
കൊല്ലം∙ ബിഷപ് ബൻസിഗർ ആശുപത്രിയിൽ ലോക വനിതാ ദിനം ആചരിച്ചു. ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ ഫാത്തിമ മാതാ നാഷണൽ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യാ ക്യാതറിൻ ഉദ്ഘാടനം ചെയ്തു.
ലോകം അത്ഭുത പൂർവമായ വളർച്ച കൈവരിച്ചതിലും, ആതുരസേവന രംഗത്തും സ്ത്രീകളുടെ പങ്ക് വലുതാണ്. ലോകത്തെ പ്രകാശപൂർണമാക്കുന്നതിൽ ആതുര സേവന രംഗത്തെ സ്ത്രീകളുടെ സമർപ്പിത ജീവിതം വഹിക്കുന്ന പങ്ക് വലുതാണെന്ന് ഡോ. സിന്ധ്യാ കാതറിൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബിഷപ് ബൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ പ്രഭാഷണം നടത്തി.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീനാ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള, ഡോ. അമൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീകളും കുടുബവും ആരോഗ്യവും, സ്ത്രീ ശക്തിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആശുപത്രിയിലെ വനിതാ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
എസ്എസ് സമിതി അഭയകേന്ദ്രത്തിൽ
കൊല്ലം: ഇന്ത്യൻ വനിതാ ഡെന്റൽ അസോസിയേഷന്റെ ഭാഗമായ വനിതാ കൗൺസിൽ കൊല്ലം യൂണിറ്റ് എസ്എസ് സമിതി അഭയകേന്ദ്രത്തിൽ ദന്തൽ ക്യാമ്പ് നടത്തി. വനിതാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ക്യാമ്പിൽ എസ്എസ് സമിതിയിലെ 50 ഓളം അംഗങ്ങൾ ദന്തപരിശോധനക്കു വിധേയരായി.
എസ്.എസ് സമിതി സഹൃദയ ഹാളിൽ നടന്ന സഖി വനിതാ ദിനാചരണത്തിൽ ഡോക്ടർമാരായ ഷാമിന നിസാം, ജാസ്മിൻ , അമിത റായ്, ഷീനു, മനോജ് അഗസ്റ്റിൻ, എസ്എസ് സമിതി മാനേജിഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, സോഷ്യൽ വർക്കർ ഹണി മരിയ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളോടെ ക്യാന്പ് സമാപിച്ചു.
ബാലസഭ സംഘടിപ്പിച്ചു
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്തിൽ ലഹരി ഉപയോഗ വിപത്തുകൾക്കെതിരെ കുട്ടികൾക്ക് ബോധവത്കരണം നടത്താനായി ഏകദിന ബാലസഭ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽകുമാർ പാട്ടത്തിൽ, അംഗങ്ങളായ വിജയമ്മ, മായാദേവി, ഉമാദേവിയമ്മ, ആർ.ജി. രതീഷ്, സിഡിഎസ് ചെയർപേഴ്സൺ രശ്മി, അംബിക രാധാകൃഷ്ണൻ, സന്ധ്യ, പഞ്ചായത്ത് അസി. സെക്രട്ടറി ഇ.എം. ഷിബു എന്നിവർ പ്രസംഗിച്ചു.
ലഹരിയുടെ വിപത്തിനെക്കുറിച്ച് സി. ഷാജിയും മലിന്യ മുക്ത കേരളം വിഷയത്തിൽ രവീന്ദ്രൻ നായരും ക്ലാസ് എടുത്തു.