എന്‍. വിജയന്‍പിള്ള ഹൃദയ വിശാലതയുള്ള മനുഷ്യത്വത്തിന്റെ ഉടമ: ചിറ്റയം ഗോപകുമാര്‍
1531281
Sunday, March 9, 2025 5:32 AM IST
ചവറ: ഹൃദയ വിശാലതയുള്ള മനുഷ്യത്വത്തിന്റെ ഉടമയായിരുന്നു മുന്‍ എംഎല്‍എ എന്‍. വിജയന്പിള്ളയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ചവറ എംഎസ്എന്‍ കോളജും എംഎസ്എന്‍ ട്രസ്റ്റും സംഘടിപ്പിച്ച എന്‍.വിജയന്‍പിള്ളയുടെ അഞ്ചാമത് ചരമ വാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരുപോലെ കണ്ട വ്യക്തിയായിരുന്നു. സ്വന്തം കുടുംബത്തിന് ചെയ്യുന്നത് പോലെ സമൂഹത്തിന് തന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു അവസാന നിമിഷം വരെ അദ്ദേഹത്തിന്റെ ചിന്ത. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു പങ്ക് ജനങ്ങള്‍ക്കായി മാറ്റി വച്ച എന്‍. വിജയന്‍പിള്ളയെ വരുന്ന തലമുറ കൂടി ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ആര്. മധു, എസ്. രാമകൃഷ്ണപിള്ള, എന്‍. ചന്ദ്രന്‍പിള്ള, എന്‍. ഉണ്ണിക്കൃഷ്ണപിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു .
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ തേജസ്വിനി, സുഹാന ഷാനവാസ്, ആദില്‍ മജീദ് എന്നിവരെയും ടെക് ഫെസ്റ്റില്‍ വിജയികളായവരെയും അനുമോദിച്ചു. എന്‍. വിജയന്‍പിള്ളയുടെ സ്മൃതി കുടീരത്തില്‍ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.