ഇഫ്താർ ഖൈമ ആരംഭിച്ചു
1531916
Tuesday, March 11, 2025 6:43 AM IST
ചവറ : ദേശീയ പാതയിൽ കൂടി കടന്നുപോകുന്ന ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇഫ്താർ സമയത്ത് നോമ്പുതുറക്കാൻ സൗകര്യമൊരുക്കി എസ് വൈഎസ് ചവറ മേഖലകമ്മിറ്റി.
നിശ്ചിത കേന്ദ്രങ്ങളിലോ വീടുകളിലോ എത്തിച്ചേരാൻ കഴിയാത്തവർക്ക് വഴിയോരത്ത് തന്നെ ഇഫ്താർ ടെന്റ് നിർമിച്ച് ഇഫ്താറിനുള്ള പ്രാഥമിക ലഘു ഭക്ഷണ വിതരണം ചെയ്യുന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സോണിലെ 21 യൂണിറ്റുകളിൽ നിന്ന് യഥാക്രമം ഓരോ യൂണിറ്റുകൾ എന്ന അടിസ്ഥാനത്തിൽ ആവശ്യമായ വിഭവങ്ങൾ മേഖല കേന്ദ്രത്തിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. നോമ്പുകാലത്തിന് ശേഷവും യാത്രക്കാർക്കുള്ള ശീതള പാനീയ വിതരണ കേന്ദ്രമായി ഇഫ്താർ ഖൈമ നിലനിർത്തുമെന്ന് എസ് വൈഎസ് ചവറ മേഖല സാമൂഹിക ഡയറക്ടറേറ്റ് അറിയിച്ചു.
സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു. ചവറ സബ് ഇൻസ്പെക്ടർ അനീഷ് കുമാർ, കേരള മുസ്ലിം ജമാഅത്ത് മേഖല സെക്രട്ടറി അസ്ഹർ തച്ചിരയ്യത്ത്, സംഘടനാ കാര്യ സെക്രട്ടറി അബ്ദുസലാം കന്നാവിള, മേഖല പ്രസിഡന്റ് ഹനീഫ സഖാഫി, മുഹമ്മദ് അഹസൻ അഹ്സനി, ഡോ. ഹാഫിസ് ഷഫീഖ് ജൗഹരി, സജീവ് ശങ്കരമംഗലം, അൽത്താഫ് മുകുന്ദപുരം, റിയാസ് മുകുന്ദപുരം, നൗഷാദ് കൊട്ടുകാട് എന്നിവർ പ്രസംഗിച്ചു.