ക്ലീൻ നഗരമാക്കാൻ സിപിഎം ശുചീകരണ പ്രവർത്തനം നടത്തി
1531930
Tuesday, March 11, 2025 6:53 AM IST
കൊല്ലം: സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയതിനു പിന്നാലെ നഗരം വൃത്തിയാക്കാനിറങ്ങി സിപിഎം പ്രവർത്തകർ. സമ്മേളന വേദിയായിരുന്ന സി. കേശവൻ മെമ്മോറിയൽ ടൗൺഹാളും പരിസരവും ആശ്രാമം മൈതാനവുമാണ് പാർട്ടി വോളന്റിയർമാരും നേതാക്കളും പ്രവർത്തകരും കൈകോർത്ത് മണിക്കൂറുകൾക്കുള്ളിൽ ശുചീകരിച്ചത്.
കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളും ഉദ്യമത്തിൽ പങ്കാളികളായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതത്തിനും കാൽനട യാത്രയ്ക്കും തടസമുണ്ടാവാത്തവിധം മാനദണ്ഡം പാലിച്ച് സ്ഥാപിച്ചിരുന്ന ബോർഡുകളും കമാനങ്ങളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന പ്രവൃത്തിയും ആരംഭിച്ചു.
സംഘാടന മികവിൽ പുതിയ ചരിത്രം സൃഷ്ടിച്ചതിനു പിന്നാലെ ശുചീകരണത്തിനും പാർട്ടി മാതൃകയാകുകയാണ്. പ്രതിനിധി സമ്മേളനം നടന്ന ടൗൺഹാളും പരിസരവും ശുചീകരിച്ചു. റാലിയും പൊതുസമ്മേളനവും നടന്ന ആശ്രാമം മൈതാനത്തിലെ ശുചീകരണം അവസാനഘട്ടത്തിലാണ്.
വെള്ളവും ചായയും കുടിച്ച കുപ്പികളുടെയും കപ്പുകളുടെയും ഏറിയ പങ്കും കഴിഞ്ഞദിവസം രാത്രി തന്നെ വോളന്റിയർമാർ നീക്കംചെയ്തിരുന്നു. ജില്ലാ സെക്രട്ടറി എസ്.സുദേവന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ, ജില്ലാ കമ്മിറ്റി അംഗം വി.കെ. അനിരുദ്ധൻ, ഡെപ്യൂട്ടി മേയർ എസ്. ജയൻ, സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഡി. സാബു, സി. ഉണ്ണികൃഷ്ണൻ, പി.അനിത്ത്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻ ദേവ്, ബി. ജയകുമാർ തുടങ്ങിയവരും പങ്കെടുത്തു. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് സംഘടനകൾ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും വരും ദിവസങ്ങളിൽ നീക്കം ചെയ്യുമെന്ന് എസ്. സുദേവൻ അറിയിച്ചു.