കൊട്ടിയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം
1531278
Sunday, March 9, 2025 5:32 AM IST
കൊട്ടിയം: കൊട്ടിയം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം. രണ്ടംഗ മുഖംമൂടി സംഘമാണ് മോഷണത്തിന് ശ്രമിച്ചതെന്ന് തെളിവ് കിട്ടി. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓഫീസിനുള്ളിലെ നിരീക്ഷണ കാമറകൾ മോഷ്ടാക്കൾ കടത്തി.
കൊട്ടിയം-കണ്ണനല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ധനകാര്യസ്ഥാപനം പ്രവർത്തിക്കുന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണശ്രമം അറിയുന്നത്. പോലീസും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സ്ഥാപനത്തിലെ സിസിടിവി കാമറയും ജീവനക്കാരുടെ മൊബൈൽ ഫോണും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.അതിനാൽ കാമറകൾ മോഷ്ടാ ക്കൾ കൊണ്ടുപോയെങ്കിലും മോഷണദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
സമീപത്തെ മറ്റൊരു കെട്ടിടം വഴിയാണ് ധനകാര്യസ്ഥാപനം നടത്തുന്ന കെട്ടിടത്തിലേക്ക് മോഷ്ടാക്കൾ പ്രവേശിച്ചതെന്ന് കണ്ടെത്തി. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.