വന്യമൃഗശല്യം; കിഴക്കൻ മേഖലയിൽ ജനജീവിതത്തിന് ഭീഷണിയായി
1531673
Monday, March 10, 2025 6:37 AM IST
പുനലൂർ: കാടുവിട്ട് നാട്ടിലിറങ്ങിയ വന്യമൃഗങ്ങൾ കിഴക്കൻ മേഖലയിൽ ജനജീവിതത്തിന് ഭീഷണിയാകുന്നു. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലാണ് വന്യമൃഗങ്ങളുടെ കടുത്ത ഭീഷണി നിലനിൽക്കുന്നത്. കാട്ടാനകൾ മാത്രമല്ല പുലി, പന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെയും ശല്യമുണ്ട്. നിരവധി വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ട്.
കൃഷികൾ വൻ തോതിൽ നശിപ്പിയ്ക്കുന്നു. ജീവന് ഭീഷണിയുള്ളതിനാൽ പലരും നാടുവിട്ടു പോകുകയാണ്. ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട്, ആനച്ചാടി,അരണ്ടൽ, വെഞ്ച്വർ, മാമ്പഴത്തറ, ഇരുളൻകാട് മേഖലകളിൽ വന്യമൃഗങ്ങൾ വൻതോതിൽ നാശമുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസം അരണ്ടലിൽ തോട്ടം തൊഴിലാളിയുടെ വാഹനത്തിനു മുന്നിൽ കാട്ടാന ചാടിയിറങ്ങി ഭീഷണി സൃഷ്ടിച്ചു. കടുത്ത വേനലിനെത്തുടർന്ന് തീറ്റയും കുടിവെള്ളവും കിട്ടാതായതോടെയാണ് കാട്ടാനകൾ നാട്ടിലിറക്കിയത്. ജനജീവിതത്തിന് ഭീഷണിയാകുന്ന മൃഗങ്ങളിൽ നിന്ന് നാടിനെ രക്ഷിയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഫെൻസിംഗ് നടത്തിയും കിടങ്ങുകൾ കുഴിച്ചും പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നു. വായ്പയെടുത്തും മറ്റും കൃഷികൾ ചെയ്യുന്ന കർഷകർ വലയുകയാണ്. പിറവന്തൂർ പഞ്ചായത്തിന്റെ വനമേഖലകളിലും വ്യാപകമായ ശല്യമാണുണ്ടാകുന്നത്.
ജനവാസ മേഖലയിലാണ് വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നത്. ചാലിയക്കര, ഉപ്പുകുഴി, പത്തേക്കർ ഭാഗങ്ങളിലും വൻ തോതിൽ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. വളർത്തുമൃഗങ്ങളെ കൊലപ്പെടുത്തുന്നുമുണ്ട്.