പ്രവർത്തനങ്ങൾ കൊടിക്കുന്നിൽ വിലയിരുത്തി : കൂടുതൽ ട്രെയിനുകൾ കൊല്ലത്തേക്കു നീട്ടും
1531283
Sunday, March 9, 2025 5:32 AM IST
കുണ്ടറ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം ഡിവിഷൻ പരിധിയിലെ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി.
തിരുവനന്തപുരത്തെ റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സ്റ്റേഷനുകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, എൻജിനീയറിംഗ്, അറ്റകുറ്റപ്പണി, ഓപ്പറേഷൻ, ഇലക്ട്രിക്കൽ, കൊമേഴ്സ്യൽ തുടങ്ങിയ വിഭാഗങ്ങളുടെ പ്രവർത്തന അവലോകനം നടത്തി.
ശാസ്താകോട്ട റെയിൽവേ സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനായി അടിയന്തരമായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡിപിആർ തയാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗത്തിൽ ചുമതലപ്പെടുത്തുകയും അടിയന്തരാവശ്യങ്ങൾ പരിഹരിക്കാനും തീരുമാനമായി.
മൺട്രോത്തുരുത്ത് സ്റ്റേഷനിൽ നിലവിൽ നിർമാണത്തിൽ ഇരിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിന്റെ ജോലികൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. ഡിആർഎം പ്ലാറ്റ്ഫോം എക്സ്റ്റൻഷൻ പണികൾക്കായി ഐഐടി മദ്രാസിന്റെ റിപ്പോർട്ട് ആവശ്യമാണെന്ന് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും എംപി അറിയിച്ചു.
വിവിധ സ്റ്റേഷനുകളിൽ നടക്കുന്ന നിർമാണങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നും ലിഫ്റ്റുകളുടെ പ്രവർത്തനക്ഷമത വേഗത്തിൽ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷൻ ലെവൽ ക്രോസ്, സ്റ്റേഷനിലേക്ക് ഉള്ള റോഡിന്റെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് അധിക തുക അനുവദിച്ച് പണിപൂർത്തീകരിക്കുമെന്ന് എൻജിനീയറിംഗ് വിഭാഗം യോഗത്തിൽ എംപിക്ക് മറുപടി നൽകി.
മൺട്രോ തുരുത്ത് റെയിൽവേ സ്റ്റേഷനിൽ പുനലൂർ ഗുരുവായൂർ ട്രെയിൻ സ്റ്റോപ്പ്, ശാസ്താംകോട്ടയിൽ ആലപ്പുഴ വഴിയുള്ള മാവേലി, ഏറനാട് എക്സ്പ്രസ്, മാവേലിക്കരയിൽ കൊച്ചുവേളി ശ്രീ ഗംഗാനഗർ എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, ചെറിയനാട് സ്റ്റേഷനിൽ നാഗർകോവിൽ കോട്ടയം പാസഞ്ചർ, ചെങ്ങന്നൂർ സ്റ്റേഷനിൽ കൊച്ചുവേളി നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചങ്ങനാശേരിയിൽ ജനശതാബ്ദി, വിവേക് എക്സ്പ്രസ്, വെരാവൽ എക്സ്പ്രസ് തകഴിയിൽ പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമായി.
ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് ഭാഗികമായും പത്തനംതിട്ട ജില്ലയ്ക്ക് പൂർണമായും ഉപകാരപ്രദമാകുന്ന തരത്തിൽ ആലപ്പുഴ വഴി കടന്നു പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം മുമ്പോട്ടു വച്ചു. ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഡിആർഎം വന്ദേഭാരതിന് കായംകുളത്ത് അധിക സ്റ്റോപ്പിന്റെ സാധ്യത പരിശോധിക്കാം എന്ന് ഉറപ്പുനൽകി.
അജ്മീർ - എറണാകുളം, ധൻബാദ് - ആലപ്പുഴ, നിലമ്പൂർ - കോട്ടയം, ഗുരുവായൂർ - എറണാകുളം, എറണാകുളം - കോട്ടയം എന്നീ ട്രെയിനുകൾ കൊല്ലം വരെ നീട്ടണമെന്ന ആവശ്യവും തത്വത്തിൽ അംഗീകരിച്ചു. റെയിൽവേ, സംസ്ഥാന നിർവഹണ ഏജൻസി എന്നിവരെ ഉൾപ്പെടുത്തി സംയുക്ത സന്ദർശനം നടത്തുമെന്നും എംപി അറിയിച്ചു.