നവനീത് ഉണ്ണികൃഷ്ണന്റെ സംഗീതനിശ 15 ന് കൊല്ലത്ത്
1531921
Tuesday, March 11, 2025 6:43 AM IST
കൊല്ലം: സംഗീത വിസ്മയമായ അമേരിക്കൻ മലയാളി നവനീത് ഉണ്ണികൃഷ്ണന്റെ സംഗീത നിശ 15 ന് വൈകുന്നേരം 6.15 ന് കടപ്പാക്കട സ്പോർട്സ് ക്ലബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പരവൂരിൽ സംഗീത സംവിധായകൻ ജി.ദേവരാജൻ മാസ്റ്ററുടെ സ്മൃതികുടീരത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും.
വൈകുന്നേരം കടപ്പാക്കടയിൽ നടക്കുന്ന ദേവരാജ സന്ധ്യയിൽ നവനീതിന് സ്വീകരണം നൽകും. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നവാഗത അഭിനയ പ്രതിഭയ്ക്കുള്ള പട്ടത്തുവിള കരുണാകരൻ സ്മാരക പുരസ്കാരം നടൻ രഞ്ജിത് സജീവിന് മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനിക്കും. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ദേവരാഗ സന്ധ്യയുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. മുൻ മന്ത്രി എം.എ. ബേബി മുഖ്യാതിഥിയാകും. കൊല്ലം മേയർ ഹണി ബഞ്ചമിന് സ്നേഹാദരവ് നൽകും. കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, സ്വരലയ കേരള ചാപ്റ്റർ ചെയർമാൻ ഡോ. ജി. രാജ്മോഹൻ എന്നിവർ സംബന്ധിക്കും. ജയരാജ് വാര്യർ, മകൾ ഇന്ദുലേഖ വാര്യർ എന്നിവർ പങ്കെടുക്കും.
ദേവരാജ സംഗീത സന്ധ്യയ്ക്ക് മുന്നോടിയായി 10 വയസ് വരെയുള്ള കുട്ടികൾക്കായുള്ള സംഗീത മത്സരം 14 ന് ഉച്ച കഴിഞ്ഞ് രണ്ട് മുതൽ സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. ദേവരാജൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ദേവരാജൻ മാസ്റ്റർ ഈണമിട്ട പാട്ടുകളാണ് മത്സരത്തിൽ പാടേണ്ടത്. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7,500 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും നൽകും. പത്രസമ്മേളനത്തിൽ കടപ്പാക്കട സ്പോർട്ട്സ് ക്ലബ് സെക്രട്ടറി ആർ.എസ്. ബാബു, ഭാരവാഹികളായ ഡോ. ദീപ്തി പ്രേം, റാഫി കാമ്പിശേരി, സ്വരലയ കോ ഓർഡിനേറ്റർ ജി. സുന്ദരേശൻ എന്നിവർ പങ്കെടുത്തു.