കൊല്ലം @75 പ്രദര്‍ശന വിപണമേള സമാപിച്ചു
1531929
Tuesday, March 11, 2025 6:53 AM IST
കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേള കൊടിയിറങ്ങി. ജനപങ്കാളിത്തം കൊണ്ടും സൗജന്യ സേവനങ്ങള്‍, വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, വിപുലമായ പുസ്തകമേള കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയാണ് മേള സമാപിച്ചത്.
ശീതീകരിച്ച 210 സ്റ്റാളുകളിലായി നടന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ വഴി നേരിട്ടുള്ള സേവനവും മാര്‍ഗ നിര്‍ദേശങ്ങളും അവബോധവും ജനങ്ങള്‍ക്ക് ലഭ്യമായി. ജലവിഭവ വകുപ്പ് സൗജന്യ ജല പരിശോധനയ്ക്കുളള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാള്‍ വഴി വിവിധ പരിശോധനകള്‍ നടത്തി. മെഡിക്കല്‍ ടീമും സജ്ജമായിരുന്നു. വനിതാ ശിശു വികസനം, എക്സൈക്സ് വകുപ്പ് എന്നിവര്‍ ഏര്‍പ്പെടുത്തിയ ചെറിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
അഗ്നിരക്ഷാ സേനയുടെ സിപിആര്‍ ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രൂഷ, സുരക്ഷാ പാഠങ്ങള്‍, എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ അതിനൂതന സാങ്കേതിക വിദ്യകള്‍ പരിചയപെടുത്തുന്ന മാതൃകകള്‍ ഏറെ ശ്രദ്ധേയമായി. നാടിന്റെ കാര്‍ഷിക സംസ്കാരം വിളിച്ചോതുന്നതായിരുന്നു കാര്‍ഷികക്ഷേമ വകുപ്പിന്റെ വിപണന സ്റ്റാള്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാള്‍ വഴി സൗജന്യ കെ സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷന് സംരംഭകര്‍ക്ക് താങ്ങായി. ഐടി മിഷന് ഒരുക്കിയ സൗജന്യ ആധാര്‍ ബയോ മെട്രിക് അപ്ഡേഷന്, പുതിയ ആധാര്‍ എടുക്കല്‍ എന്നിവ ഒട്ടേറെ പേര് വിനിയോഗിച്ചു.
വ്യവസായം, സഹകരണം, കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് എന്നിവയുടെ സ്റ്റാളുകളും ചെറുസംരംഭകര്‍ക്ക് മികച്ച ഇടം നല്കി. സ്പോര്‍ട്സ് ഏരിയ, ആക്ടിവിറ്റി കോര്‍ണറുകള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
ജില്ലയുടെ ചരിത്രം, സാംസ്കാരിക തനിമ, പൈതൃകം എന്നിവ നവസാങ്കേതികവിദ്യയുടെ സഹായത്തോടെ മേളയില്‍ എത്തിയവരുടെ മനസില്‍ ബോധ്യപ്പെടുത്തിയാണ് മേള സമാപിച്ചത്.