വികസനചരിത്രമെഴുതി കൊല്ലം @ 75 പ്രദർശന വിപണന മേള ഇന്ന് സമാപിക്കും
1531671
Monday, March 10, 2025 6:37 AM IST
കൊല്ലം: സൗജന്യ സേവനങ്ങളുടെയും വിസ്മയ കാഴ്ച്ചകളുടെയും വിപണിയുടെയും അതിലുപരി കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദർശന വിപണന മേള ഇന്ന് സമാപിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേള ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും മറക്കാനാവാത്ത അനുഭവം പകർന്നാണ് അവസാനിക്കുന്നത്.
ശീതീകരിച്ച 210 സ്റ്റാളുകളിലായി നടന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ വഴി നേരിട്ടുള്ള സേവനവും മാർഗ നിർദേശങ്ങളും അവബോധവും ജനങ്ങൾക്ക് ലഭ്യമായി. ജലവിഭവ വകുപ്പ് സൗജന്യ ജല പരിശോധനാ സൗകര്യം ഏർപ്പെടുത്തിയിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ സ്റ്റാളുകളിൽ ദിവസവും അനേകം പേരാണ് വിവിധ പരിശോധനകൾ നടത്തിയത്. മെഡിക്കൽ ടീമും സജ്ജമായിരുന്നു. കെഎസ്ഇബി, വനിതാ ശിശു വികസനം, എക്സൈക്സ് വകുപ്പ് ഏർപ്പെടുത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.
പോലീസ് വകുപ്പിന്റെ ആയുധങ്ങൾ, സെൽഫ് ഡിഫൻസ് പാഠങ്ങൾ, അഗ്നിരക്ഷാ സേനയുടെ സിപിആർ ഉൾപ്പടെയുള്ള പ്രഥമ ശുശ്രുഷ, സുരക്ഷാ പാഠങ്ങൾ, എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്റ്റാർട്ട് അപ്പ് മിഷന്റെ അതിനൂതന സാങ്കേതിക വിദ്യകൾ പരിചയപെടുത്തുന്ന മാതൃകകൾ ഏറെ ശ്രദ്ധേയമായി. പിആർഡിയുടെ കൊല്ലത്തിന്റെ ചരിത്ര വികസനം തീം സ്റ്റാൾ അനേകം പേരെ ആകർഷിച്ചു.
നാടിന്റെ കാർഷിക സംസ്കാരം വിളിച്ചോതുന്നതായിരുന്നു കാർഷിക ക്ഷേമ വകുപ്പിന്റെ വിപണന സ്റ്റാൾ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റ സ്റ്റാൾ വഴി സൗജന്യ കെ സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷൻ സംരംഭകർക്ക് താങ്ങായി. ഐടി മിഷൻ ഒരുക്കിയ സൗജന്യ ആധാർ ബയോ മെട്രിക് അപ്ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നിവ ഒട്ടേറെ പേർ വിനിയോഗിച്ചു.
വ്യവസായം, സഹകരണം, കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകൾ, പട്ടികവർഗ വികസന വകുപ്പ്, ഫിഷറീസ് എന്നിവയുടെ സ്റ്റാളുകളും ചെറുസംരംഭകർക്ക് മികച്ച ഇടം നൽകി. സ്പോർട്സ് ഏരിയ, ആക്ടിവിറ്റി കോർണറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ടതായി. വയലിൻ ഫ്യൂഷൻ, നാടൻ പാട്ട്, മട്ടന്നൂരിന്റെ ചെണ്ടമേളം, അലോഷിയുടെ ഗസൽ, ആട്ടം - തേക്കിൻകാട് ബാൻഡിന്റെ ഫ്യൂഷൻ, സ്റ്റീഫൻ ദേവസിയുടെ സംഗീതനിശ നീണ്ട കലാപരിപാടികൾ നഗരരാത്രികളെ ആഘോഷമാക്കി.
ജില്ലയുടെ ചരിത്രം, സാംസ്കാരിക തനിമ, പൈതൃകം എന്നിവ നവസാങ്കേതികവിദ്യയുടെ സഹായത്തോടെ മേളയിൽ എത്തിയ ഓരോരുത്തരേയും ആഴത്തിൽ ബോധ്യപ്പെടുത്തിയാണ് മേള സമാപിക്കുന്നത്.