ലഹരിക്കെതിരായ പോരാട്ടത്തിൽ വനിതകളും പങ്കെടുക്കണം: പ്രഫ. പി.ജെ. കുര്യൻ
1531277
Sunday, March 9, 2025 5:32 AM IST
കൊട്ടാരക്കര: കുടുംബങ്ങളോടൊപ്പം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിച്ചു മാരക ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും വനിതകളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രഫ.പി.ജെ. കുര്യൻ.
വൈഎംസിഎ കൊല്ലം സബ് റീജിയൻ സമ്മേളനവും രാജ്യാന്തര വനിതാ ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മാർത്തോമ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടെയും ഗതി തെറ്റിക്കുന്ന ലഹരിമരുന്നുകളിൽ നിന്നു തലമുറകൾക്ക് പരിപൂർണ മോചനം ലഭിക്കാൻ കർമപദ്ധതികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അദ്യക്ഷത വഹിച്ചു.
ത്രൈമാസ പ്രതിനിധി സമ്മേളനം തിരുവനന്തപുരം വിജിലൻസ് എസ്പി കെ.എൽ. ജോൺകുട്ടിയും വനിതാ സമ്മേളനം സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. സുമി അലക്സും ഉദ്ഘാടനം ചെയ്തു. റവ. ഡോ. പി.ജെ. മാമച്ചൻ, റവ. ജോർജ് വർഗീസ് എന്നിവർ സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടി, അവാർഡ് നിർണയ സമിതി ചെയർമാൻഎം. തോമസ്കുട്ടി, ടി.കെ. ജേക്കബ് ഹാപ്പി, ജി.വി. ചാക്കോ, തങ്കച്ചൻ തോമസ്, കെ.കെ. കുര്യൻ, സജയ് തങ്കച്ചൻ, ജേക്കബ് മാത്യു, പി.ജി. ലൈലാമ്മ, പി.ജി. തോമസ് ഡി. സാബു കുളക്കട എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂസമ്മ ഫിലിപ്പ് കുണ്ടറ, സുമ തോമസ് കരുനാഗപ്പള്ളി, പ്രിൻസമ്മ മാത്യു മൈനാഗപ്പള്ളി, ഡി. ഗ്രേസമ്മ കുരീപ്പള്ളി, സോഫി ജോൺ ചാത്തന്നൂർ, ഗീത ജോർജ് ഓയൂർ, ജെസി റോയി ചെങ്കുളം എന്നിവർക്ക് വൈഎംസിഎ മഹിളാരത്നം അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു.