റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
1531730
Monday, March 10, 2025 10:38 PM IST
കുളത്തൂപ്പുഴ: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പതിനൊന്നാം മൈൽ ഭാരതീപുരം സ്വദേശി പരേതനായ തുളസീധരന്റെയും സത്യവതി യുടെയും മകൻ ടി.എസ്. വിഷ്ണു (34)വിനെയാണ് തമിഴ്നാട്ടിലെ അരിയല്ലൂർ റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിനു സമീപത്തുമരിച്ചു കിടന്ന നിലയിൽ കണ്ടത്. ശനിയാഴ്ച വൈകുന്നേരം ചെന്നൈയിൽനിന്നും നാട്ടിലേക്ക് വരവേ അനന്തപുരി എക്സ്പ്രസിൽനിന്നും വീണതാകാമെന്നാണ് പോലീസ് നിഗമനം.
അനന്തപുരി എക്സ്പ്രസിൽനിന്ന് ആരോ വീണു എന്നുള്ള വിവരം റെയിൽവേയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച റെയിൽവേ ട്രാക്കിനു സമീപമായി വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ റെയിൽവേ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം അരിയല്ലൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് ബന്ധുക്കളെത്തി പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ഏറ്റുവാങ്ങി. ട്രെയിൻ യാത്രയ്ക്കിടെ വാതിലിനു സമീപം നിൽക്കുകയും വാതിൽ വന്നടിച്ചതിന്റെ ആഘാതത്തിൽ തെറിച്ചു വീണായിരിക്കാം മരണമെന്നുമാണ് റെയിൽവേ പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടു വന്ന ശേഷമേ യഥാർഥ മരണ കാരണം വ്യക്തമാകുവെന്നും റെയിൽവേ പോലീസ് അറിയിച്ചു.