കൊല്ലത്തെ ചുവപ്പ് സാഗരമാക്കി സിപിഎം റാലി
1531667
Monday, March 10, 2025 6:37 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: നാലുനാൾ നീണ്ടുനിന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ഇന്നലെ വൈകുന്നേരം കൊല്ലത്ത് നടന്ന റെഡ് വോളണ്ടിയർ മാർച്ചും ബഹുജന റാലിയും നഗരത്തെ ചുവപ്പ് സാഗരമാക്കി.
ആർത്തിരമ്പുന്ന തിരമാലകൾ പോലെ ആവേശത്തിന്റെ അലകൾ ഉയർത്തി ആയിരങ്ങളാണ് റാലിയിലും മാർച്ചിലും അണിനിരന്നത്. സംഘാടകരുടെ കണക്ക് കൂട്ടലുകൾ പോലും തെറ്റിക്കുന്നതായിരുന്നു ബഹുജന റാലിയിലെ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തവും റാലിയെ ശ്രദ്ധേയമാക്കി.
ഒരു പതിറ്റാണ്ടിനിടെ ദേശിംഗനാട് ദർശിച്ച ജനമഹാപ്രവാഹങ്ങളിൽ ഒന്നായി ഇന്നലത്തെ പ്രകടനം.സിപിഎമ്മിന്റെ കരുത്തും കെട്ടുറപ്പും അതിനപ്പുറം സംഘടനാശേഷിയും വിളിച്ചോതുന്നതായി ബഹുജന റാലി.
കന്റോൺമെന്റ് മൈതാനിയിൽ നിന്ന് വൈകുന്നേരം നാലോടെയാണ് റെഡ് വോളണ്ടിയർ മാർച്ച് ആരംഭിച്ചത്. ബാന്റ്മേളത്തിന്റെ അകമ്പടിയോടെയാണ് ചുവപ്പു സേന ചുവടുറപ്പിച്ച് മുന്നേറിയത്. സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും വെവ്വേറെയുള്ള പ്ലാറ്റൂണുകളുകളായിരുന്നു മാർച്ചിന്റെ പ്രധാന ആകർഷണം.
ഇതിന് സമാന്തരമായി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും മറ്റൊരു മാർച്ചും നഗരത്തെ ആവേശം കൊള്ളിച്ച് മുന്നേറി. ഇരു മാർച്ചുകളും രണ്ട് മണിക്കൂർ പിന്നിട്ട് വൈകുന്നേരം ആറോടെയാണ് ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ എത്തിയത്. അപ്പോഴേയ്ക്കും അതിവിശാലമായ മൈതാനം ചെമ്പട്ട് പുതച്ചതിന് സമാനമായി.തൊട്ടു പിന്നാലെ നഗരത്തിലെ നാല് കേന്ദ്രങ്ങളിൽ നിന്നുള്ള ബഹുജന റാലികൾ കൂടി ഒഴുകി എത്തിയതോടെ എങ്ങും സൂചി കുത്താൻ ഇടമില്ലാത്ത അവസ്ഥ.
റെഡ് വോളണ്ടിയർ മാർച്ചും റാലിയും മൈതാനിയിൽ എത്തിയിട്ടും ചെറുപ്രകടനങ്ങളുടെ വരവ് തുടർന്നു. ജനസഞ്ചയം കാരണം മന്ത്രിമാർക്കും നേതാക്കൾക്കും പൊതുസമ്മേളന വേദിയിൽ എത്താൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.
നേതാക്കൾ തുറന്ന ജീപ്പിലെത്തി: ആവേശത്തിൽ അണികൾ
കൊല്ലം: കന്റോൺമെന്റ് മൈതാനിയിൽ നിന്ന് ആരംഭിച്ച റെഡ് വോളണ്ടിയർ മാർച്ചിന് പിന്നാലെയായിരുന്നു ബഹുജന റാലിയുടെ തുടക്കം.റാലിയുടെ വരവ് അറിയിച്ച് ആദ്യം കടന്നു വന്നത് കൂറ്റൻ ചെങ്കൊടികളുമേന്തി യുവാക്കൾ നയിച്ച ബൈക്ക് റാലി.തൊട്ടു പിന്നാലെ തുറന്ന ജീപ്പിൽ പാർട്ടി ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ.
മൂവരും ദേശീയ പാതയ്ക്ക് ഇരുവശവും അണിനിരന്ന ആയിരക്കണക്കിന് ആൾക്കാരെ കൈവീശി അഭിവാദ്യം ചെയ്തു. ഇതോടെ അണികൾ ആവേശത്തിന്റെ ഉച്ചസ്ഥായിയിലായി. പ്രത്യഭിവാദ്യമായി കാതടപ്പിക്കുന്ന മുദ്രാവാക്യം വിളി. ഇവർക്ക് പിന്നാലെ മറ്റൊരു ജീപ്പിൽ മുതിർന്ന നേതാക്കളായ എം.എ. ബേബിയും എ. വിജയരാഘനും.
മുഷ്ടി ചുരുട്ടി അവരും അണികൾക്ക് ആവേശം പകർന്നു.അതിനുശേഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും അണിചേർന്നു.തെയ്യം, കഥകളി വേഷം, നാടൻ കലാരൂപങ്ങൾ, ചെണ്ടമേളം, കുട്ടികളുടെ റോളർ സ്കേറ്റിംഗ് അടക്കമുള്ളവ റാലിക്ക് മികവേകി.
സിപിഎം സംസ്ഥാന സമിതി: കൊല്ലത്തെ മൂന്നുപേരെ ഒഴിവാക്കി
കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്ന് കൊല്ലത്തെ മൂന്നുപേരെ ഒഴിവാക്കി. പുതുതായി ഉൾപ്പെടുത്തിയത് ഒരാളെ മാത്രം.എൻജിഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും കെ എസ്എഫ്ഇ ചെയർമാനുമായ കെ.വരദരാജൻ, മുൻ എംപി പി. രാജേന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സൂസൻ കോടി എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.
കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനാണ് സംസ്ഥാന സമിതിയിലെ കൊല്ലത്ത് നിന്നുള്ള പുതുമുഖം.
പ്രായപരിധിയിൽ ഇളവ് ലഭിക്കാത്തതിനാലാണ് കെ.വരദരാജനും പി. രാജേന്ദ്രനും ഒഴിവാക്കപ്പെട്ടത്. അതേ സമയം കെ. സൂസൻ കോടിയെ ഒഴിവാക്കിയത് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുണ്ടായ ചേരിതിരിവുകൾ കാരണമാണ്. ഇവർ ഒഴിവാക്കിയതോടെ സംസ്ഥാന സമിതിയിൽ കൊല്ലത്ത് നിന്നുള്ള വനിതാ പ്രാതിനിധ്യം രണ്ടായി ചുരുങ്ങി.
സംസ്ഥാന സെക്രട്ടേറിയറ്റിൽ കൊല്ലത്ത് നിന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടുമില്ല. മന്ത്രി കെ.എൻ. ബാലഗോപാൽ മാത്രമാണ് ജില്ലയിൽ നിന്നുള്ള ഏക സെക്രട്ടേറിയറ്റ് മെമ്പർ.
എസ്. സുദേവൻ, കെ.എൻ. ബാലഗോപാൽ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജഗോപാൽ, എസ്. രാജേന്ദ്രൻ, കെ. സോമപ്രസാദ്, എം.എച്ച്. ഷാരിയർ, ഡോ. ചിന്താ ജെറോം, എസ്. ജയമോഹൻ എന്നിവരാണ് ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ.
ചരിത്രമായ ചരിത്ര പ്രദർശനം ഇനി പുസ്തകരൂപത്തിൽ
കൊല്ലം : ചരിത്രമായ ചരിത്രപ്രദർശനം ഇനി പുസ്തക രൂപത്തിൽ കൈയിലെത്തും. സിപിഎം സംസ്ഥാന സമ്മേളന ഭാഗമായി ആശ്രാമം മൈതാനിയിൽ "കേരളമാണ് മാതൃക - ഒരുമിച്ച് നാളെയിലേക്ക്"എന്ന പേരിൽ സംഘടിപ്പിച്ച ചരിത്രപ്രദർശന ഉള്ളടക്കം സുവനീറാക്കി പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ സുവനീർ പ്രകാശനം ചെയ്തു.
പ്രദർശനത്തിന്റെ പ്രധാന സവിശേഷത കൊല്ലം ചരിത്രത്തിന്റെ അനാവരണമായിരുന്നു. ഫെബ്രുവരി 27 മുതൽ 11 നാൾ ആയിരങ്ങൾ വീക്ഷിച്ച ദൃശ്യ സാക്ഷാത്ക്കാരമാണ് പുസ്തക രൂപത്തിലാക്കിയത്. പ്രദർശനത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് ഈ സുവനീർ.
ഔദ്യോഗിക രേഖകൾ പ്രകാരമുള്ള കൊല്ലം ജില്ല, സഹസ്രാബ്ദം നീണ്ടുനിൽക്കുന്ന കൊല്ലത്തിന്റെ ചരിത്രം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്താനുള്ള സാഹസികതയാണ് ഏറ്റെടുത്തതെന്നു എക്സിബിഷൻ കമ്മിറ്റി കൺവീനറും സുവനീർ ചീഫ് എഡിറ്ററുമായ എസ്.എൽ. സജികുമാർ പറഞ്ഞു.