അന്തര്‍സംസ്ഥാന പാതയില്‍ പാക്കിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ : അഞ്ച് വര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ അന്വേഷണം
1531669
Monday, March 10, 2025 6:37 AM IST
പി. സനില്‍കുമാര്‍
അഞ്ചല്‍: അന്തര്‍സംസ്ഥാന പാതയില്‍ പാക്കിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. 2020 ഫെബ്രുവരിയിലാണ് തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിന് സമീപത്ത് നിന്ന് 12 പാക് നിര്‍മിത വെടിയുണ്ടകള്‍ ഉള്‍പ്പടെ 14 വെടിയുണ്ടകള്‍ കണ്ടെത്തുന്നത്. ഇതുവഴി നടന്നുപോവുകയായിരുന്ന നാട്ടുകാരില്‍ ചിലര്‍ക്കാണ് വെടിയുണ്ട ലഭിച്ചത്.
ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയും കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ലഭിച്ച വെടിയുണ്ടകള്‍ പാക്കിസ്ഥാന് നിര്‍മിതവും പാക്കിസ്ഥാന് സൈന്യം ഉപയോഗിക്കുന്നതുമാണ് എന്ന് കണ്ടെത്തിയതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു. അന്നത്തെ റൂറല്‍ പോലീസ് മേധാവിയായിരുന്ന ഹരിശങ്കര്‍ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം തന്നെ കേസ് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഏറ്റെടുത്തു.
അടുത്ത ദിവസങ്ങളില്‍ എഡിജിപി ആയിരുന്ന ടോമിന് തച്ചങ്കരിയും ഐജി ഉള്‍പ്പെടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും നേരിട്ടു സ്ഥലത്തെത്തി. വെടിയുണ്ട കണ്ടെത്തിയവരില്‍ നിന്ന് ഉള്‍പ്പടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. കേസില്‍ ഉടന്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന് ടോമിന് തച്ചങ്കരി വ്യക്തമാക്കുകയും ചെയ്തു.
കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് പുറമെ കേന്ദ്ര ഇന്റലിജന്‍സ്, ഇന്ത്യന്‍ മിലട്ടറി ഇന്റലിജന്‍സ് അടക്കമുള്ളവരും അന്വേഷണം ആരംഭിച്ചു. എന്‍ഐഎ കൊച്ചി യൂണിറ്റില്‍ നിന്നുള്ള സംഘവും കുളത്തുപ്പുഴയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 12 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണം തുടര്‍ന്നു. ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. നിരവധിയാളുകളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചും അന്വേഷണം നടന്നു. ചിലരെ കസ്റ്റഡിയില്‍ എടുത്തും ചോദ്യം ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്തിയിട്ടില്ല.
ഇതുവഴി പോയവര്‍ സമീപത്തെ വനത്തിലേക്ക് വെടിയുണ്ടകള്‍ വലിച്ചെറിയുകയും ഇത് മരത്തില്‍ തട്ടി പാതയോരത്തേക്ക് വീഴുകയായിരുന്നുവെന്നാണ്പ്രാഥമിക നിഗമനം. ഇത് ഒരുപക്ഷേ ഏതെങ്കിലും സൈനികരോ സൈനികവൃത്തിയില്‍ നിന്നു വിരമിച്ചവരോ ആകാമെന്നും അന്വേഷണ സംഘം കരുത്തുന്നു.
അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ എല്ലാം അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് പിന്നീട് മടങ്ങിപ്പോയി. കേസില്‍ കൃത്യമായി എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്.
നിലവില്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പാക്കിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ എങ്ങനെ എപ്പോള്‍ ഇവിടെയെത്തി എന്നത് സംബന്ധിച്ച് യാതൊന്നും കണ്ടെത്താന്‍ അഞ്ച് വര്‍ഷത്തെ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല.
കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണ് രാഷ്ട്രീയ സംഘടനകളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.