സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം : കൊല്ലം നഗരം ഇന്നു ചെങ്കടലാകും
1531276
Sunday, March 9, 2025 5:32 AM IST
കൊല്ലം: അറബിക്കടലും അഷ്ടമുടിക്കായലും തൊട്ടു കിടക്കുന്ന കൊല്ലം നഗരം ഇന്ന് ചെങ്കടലാകും. പാതയോരങ്ങളെല്ലാം ചുവന്നു തുടുക്കും. വൈകുന്നേരം നാലോടെ എല്ലാ വഴികളും ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലേക്കാകുമ്പോൾ അവിടെ റെഡ് വാളന്റിയർമാർ ചെറുതിരകളായി എത്തും. പിന്നാലെ ജനസമുദ്രം അണിചേരും.
സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കാൽ ലക്ഷം റെഡ് വോളന്റിയർമാർ അണിനിരക്കുന്ന മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലിയുമാണ് വൈകുന്നേരം നഗരത്തിൽ നടക്കുക.
റെഡ് വോളന്റിയർ മാർച്ച് പീരങ്കി മൈതാനം, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത്. ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാർച്ച് ആരംഭിക്കും. മാർച്ച് താലൂക്ക് കച്ചേരി, ബോട്ടുജെട്ടി, ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്ത് സമാപിക്കും.
ശൂരനാട്, കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, അഞ്ചാലുംമൂട്, കൊല്ലം ഏരിയയിലെ സിവിൽ സ്റ്റേഷൻ, പോർട്ട്, തിരുമുല്ലവാരം, ടൗൺ ലോക്കൽ കമ്മിറ്റികൾ എന്നിവിടങ്ങളിൽ നിന്നുള്ള വോളന്റിയർമാരാണ് ഇവിടെ നിന്ന് മാർച്ച് ചെയ്യുക. ഈ ഏരിയാകളിൽ നിന്നുള്ള ബഹുജന റാലി ജില്ലാപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് വൈകുന്നേരം നാലിന് ആരംഭിച്ച് താലൂക്ക് കച്ചേരി വഴി ലിങ്ക് റോഡിലൂടെ ആശ്രാമം മൈതാനത്ത് എത്തും.
പത്തനാപുരം, പുനലൂർ, കുന്നിക്കോട്, കൊട്ടാരക്കര, ചടയമംഗലം, കടയ്ക്കൽ, അഞ്ചൽ, ചാത്തന്നൂർ, നെടുവത്തൂർ, കുണ്ടറ, കൊട്ടിയം, കൊല്ലം, കൊല്ലം ഈസ്റ്റ് എന്നീ ഏരിയകളിൽ നിന്ന് റെഡ് വോളന്റിയർമാരുമായി വരുന്ന വാഹനങ്ങൾ കന്റോൺമെന്റ് മൈതാനത്ത് ഇറക്കിയശേഷം ബീച്ചിൽ പാർക്ക് ചെയ്യണം.
കന്റോൺമെന്റ് മൈതാനത്ത് നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വോളന്റിയർ പരേഡ് ആരംഭിക്കും. അതിനു പിന്നിലായി കലാരൂപങ്ങളും ബഹുജന റാലിയും അണിനിരക്കും. റെഡ് വോളന്റിയർ മാർച്ചും ബഹുജന റാലികളും ആശ്രാമത്ത് സമാപിക്കും. തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) പൊതുസമ്മേളനം നടക്കും.
പാർട്ടി ദേശീയ കോ - ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ പ്രസംഗിക്കും.