ലഹരിക്കെതിരെ പോരാട്ടം അനിവാര്യം: ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
1531274
Sunday, March 9, 2025 5:32 AM IST
കൊല്ലം: സമൂഹത്തിലെ ഗുരുതര പ്രശ്നമായി മാറിയ ലഹരി വിപത്തിനെതിരെ പൊതുസമൂഹത്തിന്റെ കൂട്ടായ പോരാട്ടം അനിവാര്യമെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
കെസിബിസി മദ്യവിരുദ്ധ സമിതി തങ്കശേരി ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഉണർവ് ലഹരിവിരുദ്ധ കാന്പസ് പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യ മയക്കുമരുന്ന് വ്യാപനം യഥാസമയം നിയന്ത്രിക്കാനുണ്ടായ നിസംഗതയാണ് ലഹരി ഉത്പന്നങ്ങൾ നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും പിടിമുറുക്കാൻ കാരണമായത്. ലഹരി മാഫിയയുടെ കടന്നുകയറ്റത്തിനെതിരെ വിദ്യാർഥികളും അധ്യാപക-രക്ഷാകർതൃ സമൂഹവും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ലഹരി ആസക്തിയിൽപ്പെട്ട് അക്രമങ്ങൾ, കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയിലൂടെ പുതുതലമുറ നാശത്തിലേക്ക് വീണുപോകുന്നതിന് സാക്ഷിയാകേണ്ടിവരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. സഭയുടെ വിദ്യാലയങ്ങളിൽ ലഹരിവിമുക്ത കാന്പസ് എന്ന സന്ദേശവുമായി വിദ്യാർഥികളെ അണിനിരത്തി ഉണർവ് കർമസേന രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. സമിതി ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപത പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ്, ജൂണിയർ വിഭാഗം പ്രിൻസിപ്പൽ ഡോണാ ജോയി, വൈസ് പ്രിൻസിപ്പൽ ജസ്റ്റീന ജോണ്സണ് എന്നിവർ പ്രസംഗിച്ചു.