വിഴിഞ്ഞം; തുറമുഖജോലിയിൽ നിന്ന് ലേബർ കാർഡുള്ളവരെ മാറ്റി നിർത്തുന്നതായി പരാതി
1514402
Saturday, February 15, 2025 5:44 AM IST
വിഴിഞ്ഞം: ലേബർ കാർഡുള്ള യൂണിയൻ തൊഴിലാളികളെ പ്രായപരിധിയുടെ പേരിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖജോലിയിൽ നിന്ന് അധികൃതർ മാറ്റി നിർത്തുന്നതായി പരാതി. 150 ഓളം ഗവൺമെന്റ് അംഗീകാരമുള്ള ലേബർ കാർഡ് യൂണിയൻ തൊഴിലാളികളാണ് ഇവിടെയുള്ളത്. തുറമുഖ നിർമാണം തുടങ്ങുന്നതിന് മുമ്പ് ടൂറിസം മേഖലയിൽ ജോലിചെയ്ത് ജീവിച്ചവർ ഇപ്പോൾ ദാരിദ്ര്യത്തിലും കടകെണിയിലുമാണെന്ന്പോർട്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
നാലരലക്ഷം സ്ക്വയർ ഫീറ്റ് ഇന്റർലോക്ക് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുകയും തുറമുഖ ഉദ്യോഗസ്ഥർ പറഞ്ഞ റേറ്റിൽ പണി ചെയ്യുകയും ചെയ്തു .ഇപ്പോൾ പണികൾ മറ്റു ചിലകോൺട്രാക്ടർമാർക്ക് കൊടുക്കുകയാണ് ചെയ്തത്തെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയുടെ നവ കേരള സദസ് , വിസിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ, അദാനിയുടെ ഉന്നത ഉദ്യോഗസ്ഥർ, തൊഴിൽ മന്ത്രി എന്നിവർക്ക് നാട്ടുകാർ നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു.
ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് പോർട്ട് റസിഡൻസ്അസോസിയേഷൻ പ്രസിഡന്റ് എസ്. മനോഹരനും സെക്രട്ടറി ടി.ബിജുവും ആവശ്യപ്പെട്ടു.