പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
1514400
Saturday, February 15, 2025 5:42 AM IST
കാട്ടാക്കട: കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി എബ്രഹാമിന്റെ മകൻ ബെൻസൺ ഏബ്രഹാം (16)നെയാണ് ഇന്നലെ രാവിലെ ഈ സ്കൂളിൽ തന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ല എന്ന് ബന്ധുക്കൾ ഇന്നലെ പരാതി നൽകിയിരുന്നു.
രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കണമെന്നും മരണത്തിൽ സംശയമുണ്ടെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. തുടർന്ന് ആർഡിഒ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മാനസിക സമ്മർദ്ദത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തന്നെ് ബന്ധുക്കൾ മൊഴി നൽകി.
പോലീസ് പറയുന്നത് ഇങ്ങിനെ- ബെൻസൺ തയാറാക്കിയ പ്രോജക്റ്റുമായി സ്കൂൾ അധികൃതരെ സമീപിച്ചു. പ്രോജക്റ്റിൽ സീൽ വച്ചുതരണമെന്ന് പറഞ്ഞു. എന്നാൽ ഓഫീസ് ക്ലാർക്ക് തയാറായില്ല.കുട്ടിയുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഓഫീസ് അധിക്യതർ കുട്ടിയെ ശാസിക്കുകയും വീട്ടുകാരെ കൂട്ടികൊണ്ടു വരാൻ ചുമതലപ്പെടുത്തി.
എന്നാൽ വീട്ടിലെത്തിയപ്പോൾ വീട്ടുകാരും വഴക്കുപറഞ്ഞു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപോയ ബെൻസണനെ കാണുന്നത് ഇന്നലെ സ്കൂളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചതായും കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.