എല്ലാ പഞ്ചായത്തിലും കളിക്കളം തുടങ്ങും: മന്ത്രി വി. അബ്ദുറഹ്മാൻ
1514399
Saturday, February 15, 2025 5:42 AM IST
കൊല്ലം: മുഴുവൻ പഞ്ചായത്തുകളിലും സ്വന്തമായി കളിക്കളമുള്ള സംസ്ഥാനമായി ഈ വർഷം കേരളം മാറുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ.
ജി.എസ് ജയലാൽ എംഎൽഎയുടെ പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ഒരു കോടി രൂപ ചെലവിട്ട് ചിറക്കര ഗവ. ഹൈസ്കൂളിൽ നിർമിച്ച ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കായിക പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വേണം. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന പദ്ധതി സർക്കാർ തയാറാക്കിയത്. ഇതിനായി നടത്തിയ പരിശോധനയിൽ 465 പഞ്ചായത്തുകളിൽ സ്വന്തമായി കളിക്കളമില്ലെന്ന് കണ്ടെത്തി. എംഎൽഎമാരുടെ സഹായത്തോടെ 146 പഞ്ചായത്തുകളിൽ കൂടി കളിക്കളം നിർമിക്കാനായി. ഇനി 300 പഞ്ചായത്തുകളാണ് ബാക്കിയുള്ളത്. അവിടങ്ങളിൽ കൂടി കളിക്കളങ്ങൾ ഒരുക്കുമ്പോൾ ലക്ഷ്യം യാഥാർഥ്യമാകും. കായിക രംഗത്ത് കാലത്തിനനുസൃതമായ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കായിക മേഖലയിൽ ശക്തമായ ഉടച്ചുവാർക്കൽ വേണ്ടതുണ്ടെന്നും എന്നാൽ മാത്രമേ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വലിയ വേദികളിൽ വിജയം സ്വന്തമാക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.
‘സ്കൂൾ വാർഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജി.എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില, വൈസ് പ്രസിഡന്റ് സുജയ്കുമാർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിത രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ബി. സുദർശനൻ പിള്ള, ദേവദാസ്, സംഘാടക സമിതി കൺവീനർ വി. സുനിൽ കുമാർ, പ്രധാനാധ്യാപിക വി.പി ജയ, സീനിയർ അസിസ്റ്റന്റ് പി.എസ്. സുമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.