വന്യമൃഗ ശല്യം കേരളത്തിൽ ഭക്ഷണ പ്രതിസന്ധി സൃഷ്ടിക്കും: മന്ത്രി പി. പ്രസാദ്
1514398
Saturday, February 15, 2025 5:42 AM IST
കൊല്ലം: വന്യമൃഗ ശല്യം കേരളത്തിൽ ഭക്ഷണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രി പി. പ്രസാദ്.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പത്തനാപുരത്ത് നടത്തിയ "വന്യജീവി ആക്രമണവും കാർഷിക മേഖലയും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകന് തന്റെ കൃഷിയിടത്തിൽ മരണഭയമില്ലാതെ നിൽക്കാൻ കഴിയുന്നതിന് സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.പ്രജനനം നിയന്ത്രിച്ചും എണ്ണത്തിൽ കൂടുതലുള്ളതിനെ കൊന്നും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വിഷയാവതരണം നടത്തിയ കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പറഞ്ഞു.
താൽക്കാലിക പരിഹാരമായി ട്രഞ്ച്, ഹാങ്ങിംഗ്, ഫെൻസിംഗ്, റെയിൽ ഫെൻസിംഗ്, കരിങ്കൽ മതിൽ എന്നിവ നിർമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പോലെ രണ്ട് ആനകൾക്ക് നടുവിലാണ് മലയാളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു. ഒന്ന് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങുന്ന ആനയും മറ്റൊന്ന് മനുഷ്യൻ ആഢംബരം കാട്ടാൻ നാട്ടാനയാക്കിയ കാട്ടാനയ്ക്കും നടുവിലാണ് നാട്ടുകാർ.
എന്നാൽ ഭക്ഷണം തേടി വരുന്ന ആന മനുഷ്യനെ കൊല്ലുന്നത് ആഘോഷിക്കുന്ന മാധ്യമങ്ങൾ എഴുന്നള്ളത്തിന് കൊണ്ടു വരുന്ന ആനയുടെ കൊല സെൻസിറ്റീവ് വാർത്തയാക്കുന്നില്ലെന്ന വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു. പി അലക്സ് മോഡറേറ്ററായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ, കർഷക സംഘം ജില്ലാ സെക്രട്ടറി ബിജു കെ. മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി. അജയകുമാർ, എൻ. ജഗദീശൻ, ഏരിയ സെക്രട്ടറി എച്ച്. നജീബ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.