പി.ബി. രാജു മികച്ച പൊതുപ്രവർത്തകൻ: കെ. ഇ. ഇസ്മയിൽ
1514397
Saturday, February 15, 2025 5:42 AM IST
ചവറ: കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹജീവികളെ സ്നേഹിച്ച പൊതു പ്രവർത്തകനും, മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റും ആയിരുന്നു പി.ബി. രാജുവെന്ന് മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ.
ജില്ലാ കൗൺസിൽ അംഗവും, അധ്യാപക സംഘടനാ നേതാവും ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി. ബി. രാജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സിപിഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ചവറ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം ചടങ്ങിൽ അധ്യക്ഷനായി. സുജിത്ത് വിജയൻ പിള്ള എംഎൽഎ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. താര, ജില്ല എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, ജില്ലാ കൗൺസിൽ അംഗം ഷാജി എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ് കുമാർ, പടിപ്പുര ലത്തീഫ്, കെ.ജി. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ പനയനാർ കാവിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടന്നു.