എണ്ണപ്പന തോട്ടത്തിൽ വീണ്ടും തീ പടർന്നു : കെടുത്തുന്നതിനിടെ വേറൊരിടത്ത് തീ പടർന്നതിൽ ദുരൂഹത
1514396
Saturday, February 15, 2025 5:42 AM IST
അഞ്ചല്‍: തീ കെടുത്തുന്നതിനിടയില്‍ എണ്ണപ്പനത്തോട്ടത്തിൽ വേറൊരു ഭാഗത്ത് ഇന്നലെ തീ പടർന്നു. ജനവാസ മേഖലായ ഡാലി ഭാഗത്താണ് വീണ്ടും തീ പടര്‍ന്ന് പിടിച്ചത്. ഓയില്‍ പാം കുളത്തൂപ്പുഴ കണ്ടന്‍ചിറ എണ്ണപ്പന തോട്ടത്തിൽ ചൊവ്വാഴ്ചയാണ് തീ പടര്‍ന്നു പിടിച്ചത്.
തീ പൂർണമായി കെടുത്താനുളള ശ്രമം കഴിഞ്ഞ രണ്ടു ദിവസമായി തുടരുകയാണ്. ഇതിനിടയിലാണ് ഡാലി ഭാഗത്ത് ഇന്നലെ ഉച്ചയോടെ വീണ്ടും തീ പടര്‍ന്നത്. ഈ സമയത്ത് അഗ്നരക്ഷാ യൂണിറ്റും തൊഴിലാളികളും നാട്ടുകാരും തോട്ടത്തിന്റെ മറ്റൊരുഭാഗത്തെ തീ പൂര്‍ണമായി കെടുത്തുവാനുളള ശ്രമത്തിലായിരുന്നു.
ഡാലി ഭാഗത്തെ തീ കണ്ടതോടെ തീയണച്ചുകൊണ്ടിരുന്നവരും സന്നാഹങ്ങളും അങ്ങോട്ടു നീങ്ങി. തീ പൂര്‍ണമായി കെടുത്തി. അവിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടിയില്ല.
അഗ്നിരക്ഷാസേന സ്ഥലത്ത് ഇല്ലായിരുന്നങ്കില്‍ നഷ്ടത്തിന്റെ വ്യാപ്തി കൂടുമായിരുന്നതായും സംഭവത്തില്‍ അട്ടിമറി സാധ്യത തളളിക്കളയാനാകില്ലന്നും തോട്ടം മാനേജര്‍ വി. വിനോയ്കുമാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പി.എസ്. സുപാല്‍ എംഎല്‍എ സംഭവത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
ആധുനിക സൗരകര്യങ്ങള് പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം നിർദേശിച്ചു. തീപിടിത്തത്തെകുറിച്ച് പ്രഥമിക അന്വേഷണം നടത്തിയ കുളത്തൂപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, വനം, റവന്യുമന്ത്രി എന്നിവർക്കും വിവരം കൈമാറി. എണ്ണപ്പനതോട്ടത്തിലെ കനലുകള്‍ പൂര്‍ണമായി കെട്ടടങ്ങും വരെ പകല്‍ സമയം രണ്ട് യൂണിറ്റും, രാത്രിയില്‍ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റും തോട്ടത്തിനുളളില്‍ തന്നെ തങ്ങാൻ എംഎൽഎ നിര്‍ദേശിച്ചു.
കടക്കല്‍ ഫയര്‍സ്റ്റേഷനില്‍ സ്റ്റേഷന് ഓഫീസ് ബി. ഗിരീഷ്കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കായി എല്ലാസഹായവും തോട്ടം അധികൃതര്‍ ഏര്‍പ്പെടുത്താൻ തീരുമാനമായി. തൊഴിലാളി നേതാവ് എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീര്‍, സിപിഐ കുളത്തൂപ്പുഴ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിമോൻ എന്നിവരടങ്ങിയ സംഘം എസ്റ്റേറ്റ് അധികൃതരേയും തൊഴിലാളികളേയും സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി.