കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും: മന്ത്രി എം.ബി രാജേഷ്
1514394
Saturday, February 15, 2025 5:42 AM IST
കൊല്ലം: കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി എം.ബി. രാജേഷ്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കുണ്ടറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജനകീയാസൂത്രണത്തിന്റെ നാൾവഴികൾ ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അവഗണിക്കുമായിരുന്ന എണ്ണത്തിൽ ന്യൂനപക്ഷമായ അതിദരിദ്രരെ എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ചത് വർഗപരമായ വീക്ഷണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്.
അധികാര വികേന്ദ്രീകരണത്തിനായി നടന്ന സമരങ്ങളാണ് പ്രാദേശിക നേതൃത്വത്തെ വളർത്തിയെടുത്തത്. വിദഗ്ധർ മാത്രം ഇടപെട്ടിരുന്നിടത്ത് താഴെത്തട്ടിലുള്ളവരെ പങ്കെടുപ്പിക്കുകയായിരുന്നു ലക്ഷ്യം.
വ്യക്തിശുചിത്വത്തിൽ മലയാളി മുന്നിലാണെങ്കിലും പൊതുശുചിത്വത്തിൽ പിന്നിലാണ്. അതിനെ മറികടക്കാനാണ് ബൃഹത്തായ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം ഏറ്റെടുത്തത്.
തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിൽ പ്രകടമായ മാറ്റം ഇപ്പോൾ സംഭവിക്കുന്നുണ്ട്. ലക്ഷ്യം കൈവരിക്കുകയും നിലനിർത്തുകയുമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.