മാധ്യമങ്ങൾ ഫ്യൂഡലിസത്തിന്റെ അംശങ്ങൾ ഊതിപ്പെരുപ്പിക്കുന്നു: കെ.കെ. ശൈലജ
1514391
Saturday, February 15, 2025 5:29 AM IST
കൊല്ലം: കേരളത്തിൽ ബാക്കി നിൽക്കുന്ന ഫ്യൂഡലിസത്തിന്റെ ചില അംശങ്ങൾ ഊതിപ്പെരിപ്പിക്കുന്നത് മാധ്യമങ്ങളാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എംഎൽഎ.
മനുഷ്യരെ മനുഷ്യരായി കാണുന്നത് കമ്യൂണിസ്റ്റ് ഭരണത്തിൽ മാത്രമാണ്. കിഫ്ബി വഴിയും വിവിധ മിഷനുകൾ വഴിയും വലിയ വികസനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
കടയ്ക്കലിൽ സംഘടിപ്പിച്ച ‘ കേരളം ഇന്നലെ ഇന്ന് നാളെ ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ മനുഷ്യർ ഒന്നു നിവർന്നുനിന്നത് ചെങ്കൊടി ഈ മണ്ണിൽ ഉയർന്ന ശേഷമാണ്. ആഹാരം കഴിക്കാൻ ഒന്നുമില്ലാതിരുന്ന കാലത്തുനിന്ന് അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് എത്തിയത് കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഇടപെടലുകളിലാണ്. നേടിയ നേട്ടങ്ങൾ സുസ്ഥിരമായി നിലനിർത്താനാകണം.
ആധുനിക സാങ്കേതിക വിദ്യകൾ എല്ലാവർക്കും പ്രയോജനപ്പെടാനുള്ള ഇടപെടലുകൾ ഉണ്ടാകണം. കർഷകസംഘത്തിന്റെ ഉൾപ്പെടെ സമരങ്ങൾ കേരളത്തെ നല്ല നാളുകളിലേക്ക് നയിച്ചു. അമേരിക്ക യുദ്ധത്തിനായി ചെലവാക്കുന്ന പണം ഉപയോഗിച്ചാൽ ലോകത്തിലെ പട്ടിണി മാറ്റാൻ കഴിയും.
പക്ഷേ, ആയുധ വില്പനയിൽ ഊന്നിയ മുതലാളിത്തം ലോകത്ത് യുദ്ധം ഉണ്ടാക്കാനും അശാന്തി വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മൂലധനത്തിന്റെ കരുത്തിലാണ് ട്രംപ് വിളയാടുന്നത്. ഇന്ത്യക്കാരെ കൈകാൽ വിലങ്ങുകളണിയിച്ച് യുദ്ധവിമാനത്തിൽ കൊണ്ടുവന്നതിനെക്കുറിച്ച് മോദിക്കു മിണ്ടാട്ടമില്ലെന്ന് അവർ പറഞ്ഞു.