ചവറയിൽ അർബുദ രോഗ നിർണയ സ്ക്രീനിംഗ് ക്യാമ്പ് തുടങ്ങി
1514383
Saturday, February 15, 2025 5:29 AM IST
ചവറ: അർബുദ രോഗ നിർണയത്തിനായി ചവറ ബ്ലോക്ക് പഞ്ചായത്തിൽ സ്ക്രീനിംഗ് ക്യാമ്പുകൾ ആരംഭിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം ചവറ തെക്കുംഭാഗം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിൽ സർവേ നടത്തിയ 1129827 പേരിൽ നിന്ന് രോഗ ലക്ഷണം ഉള്ളവരെ സബ്സെന്റർ തലത്തിൽ പ്രാഥമിക പരിശോധന നടത്തി. പിഎച്ച്സി തലത്തിൽ രണ്ടാം ഘട്ട സ്ക്രീനിംഗിനുശേഷം പഞ്ചായത്ത് തലത്തിൽ റിജിയണൽ കാൻസർ സെന്ററിന്റ സഹകരണത്തോടെയാണ് കാൻസർ നിർണയ ക്യാമ്പ് നടത്തുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ തേവലക്കര, പന്മന, ചവറ, നീണ്ടകര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടക്കുന്നുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് റെഫർ ചെയ്യുന്നവർക്ക് ആവശ്യമായ മാമോഗ്രാം, അൾട്രാസൗണ്ട് ഉൾപ്പടെ ഉള്ള ടെസ്റ്റുകൾ സൗജന്യമായി പദ്ധതിയുടെ ഭാഗമായി നൽകും. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. സോമൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, പ്രഭാകരൻ പിള്ള, ഷാജി എസ്. പള്ളിപ്പാടൻ, സജി അനിൽ, പ്രിയാ ഷിനു, അഡ്വ. സജുമോൻ, മീനാക്ഷി, ബേബി മഞ്ജു, ഡോ. രജനി, ഡോ. കലാവതി, സന്തോഷ്, ഷിബു, എന്നിവർ പ്രസംഗിച്ചു.