ഡോ. വന്ദനദാസ് കൊലക്കേസ് : വന്ദനയെ ആക്രമിക്കുന്നത് കണ്ടതായി ആംബുലന്‍സ് ഡ്രൈവറുടെ മൊഴി
1514382
Saturday, February 15, 2025 5:29 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ പ്രതി സന്ദീപ് അക്രമിക്കുന്നത് കണ്ടതായി സംഭവ സമയത്ത് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്ന രാജേഷ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ മൊഴി നല്കി.
ആശുപത്രിയിലെ ഒബ്സര്‍വേഷന്‍ റൂമില്‍ വന്ദനയെ പുറകില്‍ നിന്ന് പിടിച്ചു നിര്‍ത്തി പ്രതി സന്ദീപ് തലയ്ക്കും കഴുത്തിനും കുത്തി മുറിവേല്പിക്കുന്നത് താന്‍ കണ്ടുവെന്നും ആ സമയത്ത് വന്ദന നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞു. കൂടാതെ പ്രതി തന്നെയും കുത്തി മുറിവേല്പിച്ചു എന്നും രാജേഷ് കോടതിയെ അറിയിച്ചു.
സംഭവം നടന്ന സമയത്ത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ ആയിരുന്ന മണിലാലിനെയും പ്രോസിക്യൂഷന് ഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ബഹളം കേട്ട് അകത്തേക്ക് എത്തിയ പൊലീസ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തന്നെ പ്രതി കൈയിൽ ഇരുന്ന കത്രിക കൊണ്ട് തലയ്ക്ക് കുത്തി മാരകമായി മുറിവേല്പിച്ചെന്നും, അത്യാഹിത വിഭാഗം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ഷിബിന്‍ ഡോ. വന്ദനയെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നത് താന്‍ കണ്ടുവെന്നും കോടതിയില്‍ പറഞ്ഞു.
പ്രതിയെയും അയാൾ ഉപയോഗിച്ച വസ്ത്രങ്ങളും കുത്താന്‍ ഉപയോഗിച്ച കത്രികയും കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു.
കേസിലെ തുടര്‍ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതി സന്ദീപിനെ ഇന്നലെയും പോലീസ് സംഘം കോടതിയിൽ കൊണ്ടുവന്നിരുന്നു.