അധ്യാപകന്റെ പെൻഷൻ ആനുകൂല്യത്തിൽ ഉടൻ തീരുമാനം എടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
1514096
Friday, February 14, 2025 4:36 AM IST
കൊല്ലം: 1994 ൽ സർവീസിൽ നിന്നു വിരമിക്കുകയും 1999 ൽ മരിക്കുകയും ചെയ്ത അധ്യാപകന്റെ പെൻഷൻ ആനുകൂല്യങ്ങളും കുടുംബ പെൻഷനും അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.പെരിനാട് ചെമ്മക്കാട് സ്വദേശിനി സൂസൻ തോമസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. പരാതിക്കാരിയുടെ ഭർത്താവ് എം. തോമസ് നെയ്യാറ്റിൻകര പെരുമ്പക്കോണം എൽഎംഎസ് സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. എന്നാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.
കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ട് വാങ്ങി. അധ്യാപകന് അഞ്ച് വർഷവും 36 മാസവും മാത്രമാണ് സേവനകാലാവധിയുള്ളതെന്നും 27 വർഷങ്ങൾക്ക് ശേഷമാണ് പെൻഷനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഭാര്യ സർക്കാരിന് അപേക്ഷ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപേക്ഷ ഇത്തരം ഹർജികൾ പരിഗണിക്കുന്ന സമിതിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.