സ്നേഹപൂർവം, അച്ഛനും അമ്മയ്ക്കും കുട്ടികൾ കത്തെഴുതി
1514094
Friday, February 14, 2025 4:36 AM IST
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസിലെ മുന്നൂറിൽപ്പരം വിദ്യാർഥികൾ സ്നേഹപൂർവം അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞ് കത്തുകൾ തയാറാക്കി. അച്ഛനും അമ്മയും തങ്ങൾക്കായി ഇൻഫന്റ് ജീസസ് സ്കൂളിൽ പഠിക്കുന്നതിന് അവസരമൊരുക്കിയതിലുള്ള നന്ദിയാണ് കത്തിന്റെ ഉള്ളടക്കം.
50 പൈസ കാർഡിൽ വളരെ ചുരുക്കി ഇംഗ്ലീഷിലെഴുതിയതാണ് കത്തുകൾ. കുട്ടികൾ ക്ലാസിൽ വച്ചെഴുതിയ കത്തുകൾ അധ്യാപകരോടൊപ്പം വരിയായി നടന്ന് തങ്കശേരി ജംഗ്ഷനിലുള്ള പോസ്റ്റ് ഓഫീസിലത്തിയാണ് ലെറ്റർ ബോക്സിൽ പോസ്റ്റ് ചെയ്തത്.
പോസ്റ്റ് മാസ്റ്റർ അനിൽകുമാറും അശ്വനി അശോകും കുട്ടികളെ സ്വാഗതം ചെയ്തു. ലെറ്റർ ബോക്സിലിടുന്ന കത്തുകളുടെ നടപടിക്രമങ്ങളും അത് വീട്ടിൽ ലഭിക്കുന്നതുവരെയുള്ള കാര്യങ്ങളും പോസ്റ്റ് മാസ്റ്റർ വിവരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി കുട്ടികൾക്ക് ആശംസകൾ നേർന്നു.