കിയോസ്ക് ഉദ്ഘാടനം ഇന്ന്
1514093
Friday, February 14, 2025 4:36 AM IST
കൊല്ലം: ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്വയം സേവന കിയോസ്കുകളിൽ ആദ്യത്തേതിന്റെ ഉദ്ഘാടനം ഇന്ന് മീനാട് വില്ലേജ് ഓഫീസിൽ നടക്കും.
ഡിജിറ്റൽ സർവേ മൂന്നാം ഘട്ടം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കും. വില്ലേജ് ഓഫീസുകളിൽ നേരിട്ട് എത്തി പരസഹായം ഇല്ലാതെ ഓൺലൈനായി സൗകര്യങ്ങൾ ഉപയോഗിക്കാൻ കിയോസ്ക് വഴി സാധിക്കും. കിയോസ്കിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും ലഭിക്കും. ഇതിന് പ്രത്യേകം സോഫ്റ്റ് വെയർ ഇല്ല.
കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. പ്രിന്റർ, സ്കാനർ, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഭൂനികുതി അടയ്ക്കൽ, വെള്ളക്കരം - വൈദ്യുതി ചാർജ് അടയ്ക്കൽ,
പരീക്ഷാ ഫീസ് അടയ്ക്കൽ തുടങ്ങി ഓൺലൈനായി നൽകുന്ന എല്ലാ സേവനങ്ങളും കിയോസ്ക് വഴി ചെയ്യാനാകും. കിയോസ്ക് ഉപയോഗത്തെകുറിച്ച് പരിശീലനം നൽകുമെന്ന് ജില്ലാ കളക്ടർ എൻ. ദേവിദാസ്, ജി.എസ്. ജയലാൽ എംഎൽഎ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.