കാലപ്പഴക്കമുളള പൈപ്പുകൾ മാറ്റി സ്ഥാപിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
1514088
Friday, February 14, 2025 4:28 AM IST
ചവറ: കേരള വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് സുജിത് വിജയന്‍പിളള എംഎല്‍എയെ അറിയിച്ചു. കാലപ്പഴക്കം ചെന്ന പൈപ്പുകളും, പൈപ്പുകള്‍ വഹിക്കുന്ന പാലങ്ങളും സ്റ്റേറ്റ് പ്ലാന്‍, അമൃത്, ജലജീവന്‍ മിഷന്, കിഫ്ബി തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും റണ്ണിംഗ് കോണ്‍ട്രാക്ട്, ബ്ലൂ ബ്രിഗേഡ് സംവിധാനം തുടങ്ങിയവ വഴിയും അതിവേഗത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
ജലവിതരണത്തില്‍ ഇടയ്ക്കുണ്ടാകുന്ന മുടക്കം സംബന്ധിച്ച് സുജിത് വിജയന്‍പിളള എംഎല്‍എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ശാസ്താംകോട്ട ജലശുദ്ധീകരണശാലയില്‍ നിന്ന് നീണ്ടകരയിലേക്കും കൊല്ലം കോര്പറേഷന് പരിധിയിലേക്കും വെളളമെത്തിക്കുന്നതിന് 750 എംഎം കാസ്റ്റ് അയേണ്‍ പൈപ്പ് ലൈനും പാലവും ചവറയില്‍ തകര്‍ന്നുവീണത് 10 ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച് പുനഃസ്ഥാപിച്ചു. ഒരുമാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട ജോലി 10 ദിവസം കൊണ്ടാണ് പരിഹരിച്ചത്.
ശാസ്താംകോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ് ലൈൻ ഉള്‍പ്പെടെ ദേശീയപാതയില്‍ സ്ഥാപിക്കാനുളള എസ്റ്റിമേറ്റ് ദേശീയപാത അഥോറിറ്റിക്ക് 2021 ല്‍ കേരള വാട്ടര്‍ അഥോറിറ്റി നല്‍കിയിട്ടുളളതാണ്. ഇതിന്റെ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നുവെങ്കിലും ചവറ ടി.എസ് കനാല്‍ ഭാഗത്ത് ഈ ജോലി ആരംഭിച്ചിരുന്നില്ല.
ദേശീയപാത അഥോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് എല്ലാ പൈപ്പ് ലൈനുകളും വശങ്ങളില് മാറ്റി സ്ഥാപിക്കുന്നതാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.