ജയിലിലേയ്ക്ക് കൊണ്ടുപോകുന്പോൾ പോലീസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയിൽ
1514086
Friday, February 14, 2025 4:28 AM IST
കൊല്ലം: കോടതി റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്ന പ്രതി ആലുവയില്‍ നിന്ന് പിടിയിലായി.
മൊബൈല്‍ ഫോൺ മോഷണക്കേസിലെ പ്രതി തങ്കശേരി കാവല്‍ നഗര്‍ 91 ല്‍ സാജനാണ് (23) പിടിയിലായത്. രക്ഷപെട്ട് ഹൈദരാബാദിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അറസ്റ്റിലാകുന്നത്.
വീട്ടിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെഅടിസ്ഥാനത്തില്‍ റെയില്‍വേ ഇന്റലിജന്‍സ്, വെസ്റ്റ് പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.
കഴിഞ്ഞ ഏഴിന് വൈകുന്നേരം 6.45 ഓടെ ജില്ലാ ജയിലിന് മുന്നില്‍ നിന്നാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. വാടിയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ 29 ന് മൊബൈല്‍ ഫോൺ മോഷ്ടിച്ച കേസിലാണ് സാജനെ പള്ളിത്തോട്ടം പോലീസ് പിടികൂടിയത്.
മോഷ്ടിച്ച മൊബൈലില്‍ തന്റെ സിം ഇട്ടതോടെയാണ് ഇയാൾ കുടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം സാജനെ പള്ളിത്തോട്ടം പോലീസ് ജില്ലാ ജയിലിന് മുന്നില്‍ എത്തിച്ചു. ജയിലിനുള്ളിലേക്ക് കയറ്റാൻ വിലങ്ങ് അഴിച്ചതിന് പിന്നാലെ ആനന്ദവല്ലീശ്വരം ക്ഷേത്ര ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത്ത് ഡ്രൈവറടക്കം മൂന്ന് പോലിസുകാർ ഉണ്ടായിരുന്നു. ഇവര്‍ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ഊര്‍ജിതമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.