താലൂക്ക് ആശുപത്രി മോർച്ചറി അടച്ചുപൂട്ടി; മൃതദേഹവുമായി നെട്ടോട്ടം
1514085
Friday, February 14, 2025 4:28 AM IST
കൊട്ടാരക്കര: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ മോർച്ചറി പ്രവർത്തന രഹിതമായതിനെ തുടർന്ന് മൃതദേഹവുമായി എത്തുന്നവർ വലയുന്നു. മോർച്ചറികളിലെ ഫ്രീസറുകൾ പ്രവർത്തന രഹിതമായതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റി.
മോർച്ചറി താഴിട്ട്പൂട്ടി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ പ്രവർത്തിക്കുന്നതല്ലെന്ന് ആശുപത്രി സൂപ്രണ്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. അപകടമരണങ്ങൾ ഏറെ നടക്കുന്ന എംസി റോഡിന്റെ സമീപത്തുള് താലൂക്ക് ആശുപത്രിയി മോർച്ചറി പ്രവർത്തന രഹിതമായത് മരിച്ചവരുടെ ബന്ധുക്കളെയും പൊതു ജനങ്ങളെയും ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
മോർച്ചറി പ്രവർത്തന രഹിതമാണെന്ന് അറിയാതെ മൃതദേഹവുമായി എത്തുന്നവർ ശാസ്താംകോട്ട, പുനലൂർ, താലുക്ക് ആശുപത്രികളിലേക്കു കൊണ്ടു പോകുകയാണ്. ചില ഫ്രീസറുകൾ പ്രവർത്തന രഹിതമായപ്പോൾ അറ്റകുറ്റ പണി നടത്തിയില്ല. ഇതോടെ മോർച്ചറിപ്രവർത്തനം പൂർണമായി നിർത്തിവയ്ക്കുകയായിരുന്നു.
മോർച്ചറി പ്രവർത്തനം പുനഃ സ്ഥാപിക്കാത്ത സാഹചര്യത്തിൽ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് രാഷ്ട്രീയ യുവജന സംഘടനകൾ.