മത്സ്യതൊഴിലാളി പ്രതിഷേധ സംഗമം 15 ന്
1514084
Friday, February 14, 2025 4:28 AM IST
ചവറ: കടല്‍ മണല്‍ ഖനനത്തിനെതിരെ അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷന് -യുറ്റിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീണ്ടകരയില്‍ 15 ന് രാവിലെ 10 ന് മത്സ്യതൊഴിലാളി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യുടിയുസി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യും.
കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെയുള്ള കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര നീക്കം ഉണ്ടായിട്ട് ഒരു വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയോ തടസവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ടെൻഡര്‍ നടപടികളിലേക്ക് കടന്നതായി യുടിയുസി ആരോപിച്ചു. കടല്‍ മണല്‍ ഖനനം നടന്നാല്‍ കടലിന്റെ ആവാസ വ്യവസ്ഥ തകരുകയും മത്സ്യ പ്രജനനം ഇല്ലാതാവുകയും ചെയ്യും.
മത്തി, അയല, കരിക്കാടി, പൂവാലന് ചെമ്മീന്‍, കിളിമീന്‍, കണവ, പുല്ലന്, നെത്തോലി, പല്ലിക്കോര തുടങ്ങിയ മത്സ്യങ്ങള്‍ ഇല്ലാതാവും. മത്സ്യതൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടും.
കടൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 27 ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അനില്‍ ബി. കളത്തില്‍, ആര്‍എസ്പി സംസ്ഥാന കമ്മിറ്റിയംഗം ജസ്റ്റിന് ജോണ്‍,
അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ബി. സുഭാഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് സ്റ്റാന്‍ലി വിന്‍സെന്റ്, ജില്ലാ സെക്രട്ടറി ശാന്തകുമാര്‍ എന്നിവര്‍ അറിയിച്ചു.