തീപിടിത്തം മാനേജ് മെന്റിന്റെ അനാസ്ഥ കാരണം: ഭാരതീപുരം ശശി
1514082
Friday, February 14, 2025 4:21 AM IST
കുളത്തൂപ്പുഴ: കുളത്തുപ്പുഴ എസ്റ്റേറ്റിലുണ്ടായ തീപിടിത്തം മാനേജ്മെന്റിന്റെ അനാസ്ഥ കാരണമാണെന്ന് ഓയിൽ പാം ഇന്ത്യ മുൻ ചെയർമാനും, ഐഎൻടിയുസി യൂണിയൻ പ്രസിഡന്റുമായ ഭാരതീപുരം ശശി ആരോപിച്ചു.
മുന്നോറോളം ഏക്കർ സ്ഥലത്തെ ആദായം നൽകുന്ന എണ്ണപ്പനകളും, തൈപനകളുമാണ് കത്തി നശിച്ചത്. പ്ലാന്റിംഗിനു ശേഷം രണ്ട് വർഷമായി അടിക്കാട് വെട്ടിയിട്ടില്ല. അതാണ് ഒന്നാം ഫീൽഡിലെ തൈ പനകൾ പൂർണമായി കത്തി നശിക്കാൻ ഇടയാക്കിയത്. വേനൽ കാലത്തിന് മുൻപായി എസ്റ്റേറ്റിനും വനാതിർത്തികൾക്കും ഇടക്ക് ഫയർ ലൈൻ തെളിക്കുകയും അടിക്കാടുകൾ വെട്ടുകയും, കരിയിലകൾ തീയിട്ട് തീ കയറാത്ത രീതിയിൽ സംരക്ഷണം ഏർപ്പെടുത്തുകയും പതിവാണ്.
രാത്രിയും പകലും എസ്റ്റേറ്റിൽ ഫയർ വാച്ചർമാരെ നിയോഗിക്കുകയും ചെയ്യാറുണ്ട്. . ചുമതലയുള്ള എസ്റ്റേറ്റ് മാനേജർമാർ കമ്പനിക്ക് ഉള്ളിൽ തന്നെ താമസിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇപ്പോൾ ഇവരെല്ലാം കമ്പനി വാഹനങ്ങളിൽ പോയി വരുന്നവരാണ്. എസ്റ്റേറ്റ് സംരക്ഷണത്തിലും സൂക്ഷിപ്പിലും ഓയിൽ പാം മാനേജ്മെന്റ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷത്തെ കമ്പനി ലാഭം കേവലം ഒരു കോടി രൂപ മാത്രമാണ്. മുൻ കാലങ്ങളിൽ ഏരൂർ എസ്റ്റേറ്റിലെ എ, ബി ഡിവിഷനുകളിൽ വൻ തീ പിടിത്തം ഉണ്ടായിട്ടും മാനേജ്മെന്റ് അന്വേഷണം നടത്തിയിട്ടില്ല.
കഴിഞ്ഞ വർഷവും കുളത്തൂപ്പുഴ എസ്റ്റേറ്റിൽ ഉണ്ടായ തീ പിടിത്തത്തിന് കാരണം രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള കുടിപ്പകയാണെന്ന് അറിഞ്ഞിട്ടും മാനേജ്മെന്റ് രാഷ്ട്രീയ താല്പര്യത്തിന് വഴങ്ങി നടപടിയും സ്വീകരിച്ചില്ല. തീ പിടിത്തത്തെപ്പറ്റിയും മാനേജ്മെന്റിന്റെ നിഷ്ക്രിയതയെ പറ്റിയും സമഗ്ര അന്വേഷണം നടത്താൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.