പരാതി നല്കിയ അച്ഛനേയും മകളേയും വെട്ടിപ്പരിക്കേല്പിച്ചു
1514081
Friday, February 14, 2025 4:21 AM IST
അഞ്ചല്‍: മകളോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതിന് പരാതി നല്കിയ അച്ഛനേനെയും മകളേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഏരൂര്‍ മണലില്‍ ലക്ഷ്മി വിലാസത്തില്‍ വേണുഗോപാലന്‍ നായര്‍, മകള്‍ ആശ വി. നായര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ രണ്ടുപേരെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മണലില്‍ സ്വദേശികളായ ചങ്കു സുനില്‍, അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ മാസം 30 ന് പ്രതിയായ ചങ്കു സുനില്‍ ആശയെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ആശയും അച്ഛൻ വേണുഗോപാലും ഏരൂര്‍ പോലീസില്‍ പരാതി നല്കി. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ സ്കൂട്ടറില്‍ എത്തി വീട്ടിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ വേണുഗോപാലന്‍ നായരെ ചങ്കു സുനിലും അനീഷും സുനിലിന്റെ മകനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വാളും വെട്ടുകത്തിയും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
പിതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ ആശയ്ക്ക് നേരെയും സംഘം ആക്രമണം നടത്തി. ആശയുടെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വേണുഗോപാലിന് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. ഇരുവരേയും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
തങ്ങള്‍ നല്കിയ പരാതിയില്‍ 12 ദിവസമായും നടപടി എടുക്കാന്‍ പോലീസ് തയാറായില്ലന്നും ഇതിനാലാണ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായതെന്നും ആശ പറഞ്ഞു. ഏരൂര്‍ പോലീസിന്റെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കൊലപാതക ശ്രമം ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലത്ത് നിന്ന് എത്തിയ ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ട്.