ജന്മനാട്ടിൽ ഒഎൻവിക്ക് സ്മരണാഞ്ജലി
1514079
Friday, February 14, 2025 4:21 AM IST
ചവറ: കവി ഒഎൻവി കുറുപ്പിന്റെ സ്മരണ പുതുക്കി ചവറയിൽ വിവിധ പരിപാടികൾ നടന്നു. ജന്മഗൃഹ സ്മാരക കമ്മിറ്റി, സിപിഐ മണ്ഡലം കമ്മിറ്റി, വികാസ് കലാ-സാംസ്കാരിക സമിതി, കലാസരിത്ത് സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ കവിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കൽ തറവാട്ടിലായിരുന്നു സ്മൃതി ദിനാചരണം നടന്നത്.
ജന്മഗൃഹ സ്മാരക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ആകാശവാണി ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു. സൂക്ഷ്മമായി ഭാഷയെ കണ്ടിരുന്നയാളും എഴുത്തിൽ മിനിമം ഗാരന്റിയുമുണ്ടായിരുന്ന കവിയായിരുന്നു ഒഎൻവി എന്ന് അദ്ദേഹം പറഞ്ഞു.
സ്മാരക കമ്മിറ്റി ചെയർമാൻ ചവറ കെ.എസ്. പിള്ള അധ്യക്ഷനായി. ആശ്രാമം ഭാസി, തിരക്കഥാകൃത്ത് അനിൽ മുഖത്തല എന്നിവർ പ്രസംഗിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഐ. ഷിഹാബ് അധ്യക്ഷത വഹിച്ചു. ഷാജി എസ്. പള്ളിപ്പാടൻ, അനിൽ പുത്തേഴം, വി. ജ്യോതിഷ് കുമാർ, പി.ബി. ശിവൻ, ടി.എ. തങ്ങൾ, സക്കീർ വടക്കുംതല, എൽ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
വികാസ് കലാ-സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. ബിജൂകുമാർ അധ്യക്ഷനായി. സെക്രട്ടറി ശ്രീഹരിരാജ്, എം.എൻ.അനന്തു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കലാസരിത്ത് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങ് പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ആസാദ് ആശീർവാദ് അധ്യക്ഷനായി. ഗിരീഷ് മുഖത്തല പ്രസംഗിച്ചു. കവിയരങ്ങിലും ഗാനാർച്ചനയിലും മുപ്പതോളം കവികളും ഗായകരും പങ്കെടുത്തു.