ഡോ. വന്ദനാദാസ് കേസ്: പ്രതിക്കെതിരേ വീണ്ടും സാക്ഷിമൊഴി
1514078
Friday, February 14, 2025 4:21 AM IST
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലപാതക കേസില്‍ പ്രതിക്കെതിരേ വീണ്ടും സാക്ഷിമൊഴി. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രതി സന്ദീപ് തങ്ങളേയും ആക്രമിച്ചതായി രണ്ടും മൂന്നും സാക്ഷികള്‍ കോടതിയില്‍ മൊഴി നല്കി.
രണ്ടാം സാക്ഷി സന്ദീപിന്റെ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ ബിനു, മൂന്നാം സാക്ഷിയും സംഭവ സമയത്ത് പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹോം ഗാര്‍ഡായി ജോലി നോക്കിയിരുന്നയാളുമായ അലക്സ് കുട്ടി എന്നിവരാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ മൊഴി നല്‍കിയത്. ഇവര്‍ പ്രതിയെയും പ്രതിയുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, കുത്താൻ ഉപയോഗിച്ച കത്രിക തുടങ്ങിയവ തിരിച്ചറിഞ്ഞു.
സന്ദീപ് വിളിച്ചതനുസരിച്ച് താനും പ്രതിയുടെ ബന്ധുവായ രാജേന്ദ്രനും കൂടിയാണ് ഇയാളെ പോലീസുകാര്‍ക്കൊപ്പം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചതെന്ന് ബിനു മൊഴി നല്കി. പ്രതി ആദ്യം തന്നെ ആക്രമിച്ചതായി മൊഴി നൽകി. മൂര്‍ച്ചയേറിയ കത്രിക ഉപയോഗിച്ച് തന്നെ കുത്തിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അലക്സ് കുട്ടിയെ പ്രതി കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ചെന്നും കോടതിയില്‍ പറഞ്ഞു.
പ്രതി തന്നെയും മാരകമായി പലതവണ കുത്തി മുറിവേല്പിച്ചതായി മൂന്നാം സാക്ഷി അലക്സ് കുട്ടി മൊഴി നല്കി. മൂന്നാം സാക്ഷിയുടെ വിസ്താരം ഇന്നും തുടരും. പ്രതി സന്ദീപിനെ ഇന്നലെയും പോലീസ് സംഘം കോടതിയിൽ എത്തിച്ചിരുന്നു.