ഓയില്‍പാം തീ പിടിത്തം: 50 ലക്ഷം രൂപയുടെ നഷ്ടം; പോലീസ് അന്വേഷണം ഊർജിതമാക്കി
1514073
Friday, February 14, 2025 4:21 AM IST
4 ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തീ പിടിത്തത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി. ഓയില്‍പാം കുളത്തൂപ്പുഴ ഡിവിഷന് അസിസ്റ്റന്റ് മാനേജര്‍ ബ്രിജിത് കുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ആരെങ്കിലും തീയിട്ടതാണോ സ്വഭാവികമായി തീപിടിച്ചതാണോ എന്നതടക്കം എല്ലാ വശവും പരിശോധിക്കുമെന്ന് കുളത്തൂപ്പുഴ എസ്എച്ച്ഒ ബി. അനീഷ് പറഞ്ഞു.
നൂറ്റിയമ്പതേക്കറോളം സ്ഥലത്ത് തീപിടിച്ചതായാണ് ഓയില്‍പാം സ്ഥിരീകരിച്ചത്. 50 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. കൂടുതലും നശിച്ചത് എണ്ണപ്പന തൈകളാണ്. ചൊവ്വാഴ്ച ഉച്ചയോടെ പടര്‍ന്നുപിടിച്ച തീ ബുധനാഴ്ച ഏറെ വൈകിയാണ് ഏറെക്കുറെയെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെയും സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എത്തിയിരുന്നു. ഓയില്‍പാം ചെയര്മാന്, എംഡി ഉള്‍പ്പടെയുള്ള ഉന്നതര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു. ഓയില്‍പാമും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് പുനലൂര്‍ ആര്‍ഡിഒ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി കൃത്യമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുളത്തുപ്പുഴ എസ്റ്റേറ്റിലുണ്ടായ വൻ തീപിടിത്തം മൂലമുണ്ടായ നഷ്ടത്തിന് മാനേജ്മെന്റിന്റെ അനാസ്ഥ പ്രധാന കാരണമാണെന്ന് ഓയിൽ പാം ഇന്ത്യ മുൻ ചെയർമാനും, ഐഎൻടിയുസി യൂണിയൻ പ്രസിഡന്റുമായ ഭാരതീപുരം ശശി ആരോപിച്ചു.
പ്ലാന്റിംഗിനു ശേഷം രണ്ട് വർഷമായി അടിക്കാട് വെട്ടാത്തതാണ് ഒന്നാം ഫീൽഡിലെ തൈ പനകൾ പൂർണമായി കത്തി നശിക്കാൻ ഇടയാക്കിയത്. വേനൽ കാലത്തിന് മുന്‍പായി എസ്റ്റേറ്റിനും വനാതിർത്തികൾക്കും ഇടയ്ക്ക് ഫയർ ലൈൻ തെളിക്കുകയും അടിക്കാടുകൾ വെട്ടുകയും, കരിയിലകൾ തീയിട്ട് തീ കയറാത്ത രീതിയിൽ സംരക്ഷണം ഏർപ്പെടുത്തുകയും പതിവാണ്.
എന്നാല്‍ ഇക്കുറി ഇതുവരെ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് ഭാരതീപുരം ശശി പറഞ്ഞു. തീ പടർന്നു പിടിച്ച ഇടങ്ങളില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ക്ക് എത്തിച്ചേരാനുള്ള വഴി സൗകര്യമില്ലായിരുന്നു. ശക്തമായ കാറ്റ് കാരണം കൂടുതൽ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കാന്‍ കാരണമായി.